സുൽത്താൻബത്തേരി: പട്ടികവർഗ കുടുംബങ്ങളെ പുനരധിവസിപ്പിച്ച ഉന്നതിയിൽ ശുദ്ധജലമില്ല. മീനങ്ങാടി പഞ്ചായത്തിലെ താഴെ അരിവയൽ പ്രകൃതി പുനരധിവാസ ഉന്നതിയിലെ കുടുംബങ്ങളാണ് ശുദ്ധജലമില്ലാതെ ബുദ്ധിമുട്ടുന്നത്. നാല് വർഷമുമ്പാണ് മീനങ്ങാടി പഞ്ചായത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ 53 പട്ടികവർഗ കുടുംബങ്ങളെ താഴെ അരിവയലിലേക്ക് പുനരധിവസിപ്പിച്ചത്. വീടും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാണ് കുടുംബങ്ങളെ മാറ്റിയത്. എന്നാൽ ഇപ്പോൾ ഉന്നതിയിൽ ശുദ്ധജലമില്ലാത്തതാണ് ഇവരെ ദുരിതത്തിലാക്കുന്നത്. നിലവിൽ വാട്ടർ അതോറ്റിയുടെ കണക്ഷൻ വീടുകളിലുണ്ടെങ്കിലും ആഴ്ചയിൽ ഒരു തവണ മാത്രമാണ് വെള്ളമെത്താറുള്ളു. ക്ലോറിന്റെ അമിത ചുവ കാരണം ഈ വെള്ളം ഭക്ഷണം പാകംചെയ്യാനും കുടിക്കാനും പറ്റില്ലെന്നും കുടുംബങ്ങൾ പറയുന്നു. ഇതുകാരണം ഒരു കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇവർ കുടിവെള്ളം എത്തിക്കുന്നത്. പുനരധിവാസ സമയത്ത് ഉന്നതിയിലെ കുടുംബങ്ങൾക്ക് വെള്ളമെത്തിക്കുന്നതിനായി സ്ഥാപിച്ച ജലസംഭരണിയിൽ വീഴുന്ന മഴവെള്ളം ഗോവണി വഴി ടാങ്കിൽ കഷ്ടപ്പെട്ട കയറി ബക്കറ്റിൽ കയർ കെട്ടി മുക്കിയെടുത്താണ് വാട്ടർ അതോറിറ്റിയുടെ വെള്ളമില്ലാത്ത സമയത്ത് ഉന്നതിക്കാർ ഉപയോഗിക്കുന്നത്. വെള്ളസൗകര്യമില്ലാത്തതിനാൽ നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്കടക്കം താമസം മറ്റിയതായും ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ പറഞ്ഞു. തങ്ങളുടെ ദുരിതം കണ്ടറിഞ്ഞ് എത്രയും വേഗം ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടിയുണ്ടക്കണമെന്നാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |