
സാൻ ഡിയേഗോ (കാലിഫോർണിയ): കലാപ്രേമികളുടെ ഹൃദയം കീഴടക്കി അമേരിക്കയിലെ സാൻ ഡിയേഗോയിൽ അരങ്ങേറിയ ''പാരഡൈസ് " എന്ന ഒറിജിനൽ സംഗീതനാടകം. ഷാലിമ സിദ്ദിഖ് ആശയവത്കരിക്കുകയും ഷാലിമ സിദ്ദിഖും വിധു എം.നായരും ചേർന്ന് കഥയെഴുതി സംവിധാനം നിർവഹിക്കുകയും ചെയ്ത ഈ ഒറിജിനൽ മ്യൂസിക്കൽ തിയേറ്റർ പ്രൊഡക്ഷൻ, കലാപരമായ മികവും സാമൂഹിക പ്രതിബദ്ധതയും ഒരുമിപ്പിച്ച അപൂർവ അനുഭവമായി മാറി.
ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വരും തലമുറയ്ക്കായി പ്രകൃതിയെ എങ്ങനെ നിലനിറുത്തണമെന്ന ശക്തമായ സന്ദേശവുമാണ് ''പാരഡൈസ് " മുന്നോട്ടുവയ്ക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ഈ ആശയം ഒരുപോലെ എത്തിക്കുന്നതിനായി ഇംഗ്ളീഷിലാണ് ഈ മ്യൂസിക്കൽ ഡ്രാമ തയ്യാറാക്കിയിരിക്കുന്നത്.
കാലാവസ്ഥ വ്യതിയാനവും സുസ്ഥിര ജീവിതവും പ്രമേയമാക്കി ഒരുക്കിയ ഈ സംഗീത നാടകത്തിൽ 6 മുതൽ 16 വയസുവരെ പ്രായമുള്ള അമ്പതിലധികം കുട്ടികൾ അഭിനയിക്കുകയും പാടുകയും നൃത്തം അവതരിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ പാരമ്പര്യവും അമേരിക്കൻ കഥപറച്ചിലിന്റെ ശൈലിയും സമന്വയിപ്പിച്ച അവതരണം സംഗീതം,നാടകം,നൃത്തം,ലൈവ് ബാൻഡ്,ഫാഷൻ ഷോ,ദൃശ്യാവിഷ്കാരങ്ങൾ എന്നിവയുടെ ശ്രദ്ധേയ സംഗമമായിരുന്നു.
''പാരഡൈസ് " എന്ന പേരിനോട് പൂർണമായും നീതി പുലർത്തുന്ന വേദി സജ്ജീകരണങ്ങളും വേഷങ്ങളും പ്രേക്ഷകരുടെ പ്രശംസനേടി. സമൂഹത്തിൽ നിന്നുള്ള കുടുംബങ്ങൾ സംഭാവന ചെയ്ത പ്ളാസ്റ്റിക്,കാർഡ് ബോർഡ്,അരിച്ചാക്കുകൾ,പഴയ തുണിത്തരങ്ങൾ തുടങ്ങിയ പുനരുപയോഗ സാധനങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച സെറ്റുകളും വസ്ത്രങ്ങളും പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു. പ്രകൃതിയെയും സ്വാഭാവിക വിഭവങ്ങളെയും ആസ്പദമാക്കിയുള്ള ആദ്യ ഫാഷൻ ഷോയും മാലിന്യത്തെ കലാരൂപമാക്കി മാറ്റിയ റീസൈക്കിൾഡ് ഫാഷൻ ഷോയും പ്രത്യേക കൈയടി നേടി.
ഈ സംരംഭത്തിന് പിന്നിൽ സാൻ ഡിയേഗോ മലയാളി അസോസിയേഷന്റെയും വിശാലമായ മലയാളി സമൂഹത്തിന്റെയും വലിയ പിന്തുണയും സഹകരണവുമുണ്ടായിരുന്നു. അറുപതിലധികം സന്നദ്ധ പ്രവർത്തകരുടെ മാസങ്ങളായുള്ള അർപ്പണബോധവും കഠിനാദ്ധ്വാനവുമാണ് ഈ ഭീമൻ സംരംഭത്തിന്റെ വിജയത്തിന് കാരണം. സെറ്റ് നിർമ്മാണം മുതൽ വേഷങ്ങൾ,പ്രോപ്പുകൾ,സംഗീതം,സാങ്കേതിക സംവിധാനങ്ങൾ, കുട്ടികളുടെ പരിശീലനം തുടങ്ങി എല്ലാമേഖലകളിലും സമൂഹം ഒന്നായി നിന്നു.

''അരങ്ങ് " നാടകക്കളരി മുതൽ സ്‌പോട്ടിഫൈ വരെ: ഒന്നരവർഷത്തെ കഠിനാദ്ധ്വാനം
കഴിഞ്ഞവർഷം ജനുവരിയിലാണ് ഈ സ്വപ്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. തിരക്കഥ പൂർത്തിയായതിനെ തുടർന്ന് നാടകത്തിന് വേണ്ടി മാത്രമായി ഒറിജിനൽ വരികളും മ്യൂസിക് സ്കോറും തയ്യാറാക്കി. കുട്ടികളെ നാടകത്തിന്റെ എല്ലാമേഖലകളും പഠിപ്പിക്കുന്നതിനായി കാലിഫോർണിയയിൽ തന്നെ ആദ്യമായി 'അരങ്ങ്' എന്ന പേരിൽ രണ്ടുദിവസത്തെ തിയേറ്റർ ക്യാമ്പ് സംഘടിപ്പിച്ചു. കേരളത്തിലെ പരമ്പരാഗത നാടകക്കളരി സംസ്കാരം അതേപടി അമേരിക്കൻ മലയാളി കുട്ടികൾക്ക് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
അഭിനയം,നൃത്തം,സംഗീതം എന്നിവയിൽ ഒമ്പത് മാസത്തിലേറെ നീണ്ട പരിശീലനത്തിനൊടുവിൽ വേദിയിലെത്തിയ കുട്ടികൾ, തികഞ്ഞ ആത്മവിശ്വാസത്തോടെയും പ്രൊഫഷണലിസത്തോടെയും കാഴ്ചവച്ച പ്രകടനം പ്രേക്ഷകരെ ഏറെ ആകർഷിച്ചു. നിരവധി രക്ഷിതാക്കൾക്കും അതിഥികൾക്കും ഇത് ഒരു കലാപരിപാടി മാത്രമല്ല, കുട്ടികളുടെ വളർച്ചയുടെയും സമൂഹത്തിന്റെ ഐക്യത്തിന്റെയും തെളിവായ അനുഭവമായിരുന്നു.
ഈ സംഗീതനാടകം സംവിധാനം ചെയ്ത ഷാലിമ 'ഇന്റൂയിറ്റി"ൽ സോഫ്ട്‌വെയർ എൻജിനിയറായും വിധു ഗൂഗിളിൽ ഹാർഡ്‌വെയർ എൻജിനിയറായും ജോലി ചെയ്യുന്നു. പ്രൊഫഷണൽ ജീവിതത്തിലെ തിരക്കുകൾക്കിടയിലും കലയോടുള്ള സ്നേഹം മുൻനിറുത്തിയാണ് ഇരുവരും ഈ സംരംഭത്തിനായി സമയം കണ്ടെത്തിയത്. നാടകത്തിലെ ഗാനങ്ങൾ ഇതിനകം തന്നെ പ്രമുഖ ഓഡിയോ പ്ളാറ്റ്ഫോമായ സ്‌പോട്ടിഫൈയിൽ റിലീസ് ചെയ്തുകഴിഞ്ഞു. ഇതിന്റെ മ്യൂസിക് ആൽബം യൂട്യൂബിലും ലഭ്യമാണ്.
പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഹൃദയസ്പർശിയായ കഥയിലൂടെ അവതരിപ്പിച്ച ''പാരഡൈസ് ", സാൻ ഡിയേഗോ ഇന്ത്യൻ സമൂഹത്തിലെ കുട്ടികളുടെ ഏറ്റവും വലിയ ഒറിജിനൽ സംഗീത നാടക സംരംഭങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. പരിപാടി അവസാനിച്ചിട്ടും അതിന്റെ സന്ദേശവും അനുഭവവും പ്രേക്ഷകരുടെ മനസിൽ ദീർഘകാലം നിലനിൽക്കുമെന്നതിൽ സംശയമില്ല.
പ്രധാന അണിയറ പ്രവർത്തകർ
ഷാലിമ സിദ്ധിഖ്, വിധു എം. നായർ, ദിവ്യ മോഹൻ, സ്മിജി സോണി, അനിത പൊറ്റെക്കാട്, നസീഹ മച്ചിങ്ങൽ, അഞ്ജന പൊട്ടത്തിൽ, സനീഷ് ജോസഫ്, അമിത് ദിയോക്കർ, അനൂപ് തോമസ്, ചിനോ മന്നിക്കരോട്ട്,റോഷ്‌നി രാമചന്ദ്രൻ, ഉത്തര മേനോൻ, ബിനി ഫ്രാൻസിസ്, പ്രിൻസ് പോൾ,നീമ നായർ, രശ്മി ഭൂതലിംഗം, ശ്രുതി സുകുമാരൻ എന്നിവരാണ് പാരഡൈസിന്റെ വൻ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്.
പങ്കെടുത്ത കുട്ടികൾ
അഭിമന്യു മാലോലക്കുന്നുമ്മൽ, അബിഗെയ്ൽ മാത്യു, അഫ്‌ഷിൻ ജിനാൻ, അലൈന സാജൻ, അൽഫാസ് അലി, അമൽ ജിനാൻ, അമേയ അർജുൻ, അമേയ കുന്നമ്പത്ത്, അനിക മഹേഷ്, അന്ന മരിയ ടോം, അൻഷ് മേനോൻ, അൻവയ കുന്നമ്പത്ത്, അർജുൻ ആനന്ദ്, ആര്യ ഹരീഷ്, ആതിര ഇളവള്ളി, ധ്രുവ് അർജുൻ, ധ്രുവ് പൊട്ടത്തിൽ, എലിസബത്ത് തോമസ്, എറിക് അക്കരക്കാരൻ, ഈഷ നിർമ്മൽ, എസ്രി ജോർജ്, ഗബ്രിയേൽ ആശിഷ്, ഗബ്രിയേല തോമസ്, ഗൗരി ഹരികൃഷ്ണൻ, ഇഷിത ദീപു, ലൂക്കാസ് ജെയിംസ് വിൻസെന്റ്, മാർക്കസ് ജെയിംസ് വിൻസെന്റ്, മാത്യു ജോസഫ്, മീല പ്രഭു, മെൽവിൻ എബ്രഹാം, മിയ ജോൺ, മിലൻ ജോൺ, മിഷിത വിൽസൺ, നെയ്തൻ ഷാനു, നയോമിക്ക വിൽസൺ, നീമ മരിയ മോജോ, നേഹ ലിസ് മോജോ, നിതാര മഹേഷ്, റാം ജിതേഷ് മേനോൻ, റിഷാൻ ഷംലി, റിതിക് ഒളിയിൽ കുന്നിൽ, സമർത്ഥ് എസ്. കുറുപ്പ്, സയാൻ തലപ്പിൽ, ശിവ ഹൃഷികേശ്, സിദ്ധാർത്ഥ് എസ്. കുറുപ്പ്, വരുൺ മേനോൻ, വിവാൻ രാമൻ,സേഡി ജോർജ്, സേറ കളപ്പാട്ട്, സീവ അലി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |