വാഷിംഗ്‌ടൺ: ന്യൂയോർക്ക് ടൈംസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. ന്യൂയോർക്ക് ടൈംസിലെ ടെക് എക്‌സിക്യൂട്ടീവ് ജോനാഥൻ മക്കിൻസിയാണ്(40) മരിച്ചത്. സംഭവത്തിൽ ഭാര്യയുടെ മാതാപിതാക്കളായ ഷൗയോങ് ഷാങ് (76), ഷിലി ചെൻ (76) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കാലിഫോർണിയയിലെ ഡബ്ലിൻ സ്‌പോർട്‌സ് ഗ്രൗണ്ടിൽ ശനിയാഴ്‌ച ഉച്ചയോടെയായിരുന്നു കൊലപാതകം.
ഭാര്യ കാൻഡിഡ് ജാങ്ങും മക്കിൻസിയും വേർപിരിഞ്ഞാണ് താമസിച്ചുവന്നിരുന്നത്. കഴിഞ്ഞ വർഷം പരസ്‌പരം ഗാർഹികപീഡനം ആരോപിച്ച് ഇരുവരും കോടതിയിൽ പരാതി നൽകിയിരുന്നു. കോടതി രേഖകൾ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. തന്റെ ട്രാൻസ്‌ജെൻഡർ വ്യക്തിത്വത്തിന്റെ പേരിൽ ഭാര്യയിൽ നിന്നും ഭാര്യയുടെ മാതാപിതാക്കളിൽനിന്നും നിരന്തരം പീഡനങ്ങൾ നേരിട്ടിരുന്നതായി കോടതിയിൽ സമർപ്പിച്ച രേഖകളിൽ മക്കിൻസി ആരോപിച്ചിരുന്നു. തന്നെയും തന്റെ മക്കളിൽ ഒരാളെയും ഭാര്യാമാതാവ് അധിക്ഷേപ വാക്കുകൾ ഉപയോഗിച്ച് അപമാനിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. വസ്‌ത്രധാരണത്തിന്റെ പേരിൽ തങ്ങളെ 'അറപ്പുളവാക്കുന്ന ക്വീർ' എന്ന് വിളിച്ചെന്നായിരുന്നു മക്കിൻസിയുടെ പരാതി.
2010 ൽ സ്‌തനമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ചികിത്സയിൽ കഴിയുന്നതിനിടെ ഭാര്യാപിതാവ് നെഞ്ചിൽ ഇടിച്ചതായും മക്കിൻസി ആരോപിച്ചിരുന്നു. ഭാര്യയ്‌ക്കെതിരെയും മക്കിൻസി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 2010 ൽ സ്‌ത്രീയിൽനിന്ന് പുരുഷനിലേക്കുള്ള ലിംഗമാറ്റവുമായി ബന്ധപ്പെട്ട ചികിത്സയ്‌ക്കിടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന മെഡിക്കൽ ട്യൂബുകൾ വലിച്ചെടുക്കാൻ ഭാര്യ ശ്രമിച്ചെന്നായിരുന്നു ആരോപണം.
2011ലാണ് ഇരുവരും വിവാഹിതരായത്. 2013-ൽ ഉണ്ടായ മറ്റൊരു തർക്കത്തിനിടെ ഭാര്യ ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് തന്നെ മർദിച്ചതായും പരാതിയിൽ പറയുന്നു.
അതേസമയം, കഴിഞ്ഞ വർഷം സമർപ്പിച്ച ഹർജിയിൽ മക്കിൻസിക്കെതിരെ ഭാര്യയും ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. തർക്കത്തിനിടെ മക്കിൻസി തന്നെ തള്ളിയിട്ടതിനെ തുടർന്ന് നട്ടെല്ലിന്റെ കശേരുവിന് പൊട്ടലുണ്ടായതായാണ് ഭാര്യ പറയുന്നത്. തന്റെ അമ്മയെ മക്കിൻസി മാനസികമായി പീഡിപ്പിച്ചെന്നും ജാങ് പരാതിപ്പെട്ടിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ കൊലപാതകത്തിലേക്ക് നയിച്ച കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
2023 ലാണ് മക്കിൻസി ന്യൂയോർക്ക് ടൈംസിലെ ജോലി ആരംഭിച്ചത്. ടെക്‌നോളജി മേഖലയിലെ ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനിടെ സ്‌പ്ലങ്ക്, കോഴ്‌സറ, ഒറാക്കിൾ തുടങ്ങിയ കമ്പനികളിലും മക്കിൻസി പ്രവർത്തിച്ചിട്ടുണ്ട്.
New York Times executive Jonathan McKinsey was shot dead in California. His in-laws were arrested amid a long-running family dispute.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |