SignIn
Kerala Kaumudi Online
Friday, 09 October 2026 1.35 PM IST

ഒരു നൂറ്റാണ്ടിനിടെ അമേരിക്കയിൽ നടക്കുന്ന ആദ്യ തത്സമയ വധശിക്ഷ; സൈനികരെ കൂട്ടക്കൊല ചെയ്‌ത മുൻ മേജർക്കെതിരെ അപൂർവ നടപടി

hasan
ഹസൻ

വാഷിംഗ്‌ടൺ: യുഎസ് സൈനികരെ കൂട്ടക്കൊല ചെയ്‌ത മുൻ സൈനിക മേജർ നിദാൽ ഹസന്റെ വധശിക്ഷ നടപ്പാക്കുന്നത് തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗൺ. ഫയറിംഗ് സ്ക്വാഡാകും വധശിക്ഷ നടപ്പാക്കുക. ഒന്നിലധികംപേർ ഒരേസമയം റൈഫിളുകൾ ഉപയോഗിച്ച് വെടിയുതിർക്കുന്ന ശിക്ഷാരീതിയാണിത്. പൊതുജനങ്ങൾക്ക് ഇത് കാണാനാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി.

2009ൽ ഫോർട്ട് ഹൂഡിൽ നിരായുധരായ 13 യുഎസ് സൈനികരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് നിദാൽ ഹസനെ വധശിക്ഷയ്‌ക്ക് വിധേയനാക്കുന്നത്. ഒരു നൂറ്റാണ്ടിനിടെ യുഎസിൽ നടക്കുന്ന ആദ്യത്തെ പരസ്യ വധശിക്ഷയായിരിക്കും ഇതെന്ന് ബിബിസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 65 വർഷത്തിനിടയിലെ ആദ്യത്തെ സൈനിക വധശിക്ഷയുമാണിത്.

2009ൽ സൈനിക താവളത്തിലുണ്ടായ വെടിവയ്‌‌പ്പിൽ 13പേർ കൊല്ലപ്പെടുകയും 32പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത കേസിൽ ഹസൻ കുറ്റക്കാരനാണ് നേരത്തേ കണ്ടെത്തിയിരുന്നു. 2026 ഡിസംബർ മൂന്നിന് ഫോർട്ട് ഹൂഡിലായിരിക്കും വധശിക്ഷ നടപ്പിലാക്കുകയെന്ന് യുഎസ് സൈന്യം അറിയിച്ചു. ഹസൻ അവസാനമായി എന്തെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, 'അതൊന്നും കാര്യമാക്കുന്നില്ല, ഡിസംബർ മൂന്നിന് ഞങ്ങൾ അയാളെ കാണും', എന്നായിരുന്നു പീറ്റ് ഹെഗ്‌സെത്തിന്റെ മറുപടി.

മേജർ റാങ്കിലുള്ള ആർമി സൈക്യാട്രിസ്റ്റായിരുന്നു ഹസൻ. 2009 നവംബർ അഞ്ചിന് സൈനിക പ്രതിരോധ കുത്തിവയ്‌പ്പുകൾക്കും മെഡിക്കൽ ക്ലിയറൻസിനുമുള്ള നീണ്ട നിരയിൽ കാത്തുനിൽക്കുകയായിരുന്ന സൈനികർക്കുനേരെയാണ് ഹസൻ വെടിയുതിർത്തത്. അഫ്‌ഗാനിസ്ഥാനിലേക്ക് പോകുന്നതിൽ നിന്നും മുസ്ലീങ്ങളെ കൊന്നൊടുക്കുന്നതിൽ നിന്നും അവരെ തടയുകയായിരുന്നു ചെയ്‌തതെന്നാണ് ഹസൻ പറഞ്ഞത്. നിയമപാലകരുടെ വെടിയേറ്റ ഹസന്റെ അരയ്‌ക്ക് താഴെ തളർന്നുപോയിരുന്നു. ഇയാൾ ഇപ്പോഴും വീൽച്ചെയറിലാണ് കഴിയുന്നത്. അഭിഭാഷകരെ ഒഴിവാക്കി സ്വന്തമായാണ് ഹസൻ കേസ് വാദിച്ചത്. വെടിയുതിർത്തത് താനാണെന്ന് പറഞ്ഞ ഹസൻ തന്റെ പ്രതിരോധത്തിനായി സാക്ഷി പറയാൻ ഒരാളെയും ഹാജരാക്കിയിരുന്നില്ല.

English Summary

The Pentagon has reportedly announced plans to livestream the execution of former US Army Major Nidal Hasan by firing squad on December 3, 2026, at Fort Hood. Hasan was convicted in connection with the 2009 shooting that killed 13 US military personnel and injured 32 others. The reported execution would be the first US military execution in 65 years.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIDAL HASAN EXECUTION, FORT HOOD SHOOTING 2009, US MILITARY EXECUTION, FIRING SQUAD EXECUTION, PENTAGON PETE HEGSETH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360