SignIn
Kerala Kaumudi Online
Friday, 25 September 2026 5.58 PM IST

900 കോടി കടന്ന് യു പി ഐ ഇടപാടുകൾ

upi

ന്യൂഡൽഹി: രാജ്യത്ത് യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ് (യു.പി.ഐ) വഴിയുള്ള പണമിടപാടുകൾ പുതിയ റെക്കാഡിലെത്തി. മേയിൽ യു.പി.ഐ ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) അറിയിച്ചു. ഒരുമാസം ഇടപാടുകൾ 900 കോടി കടക്കുന്നത് ആദ്യമായാണ്. ഇതുവരെയുള്ള റെക്കാഡ്

ഏപ്രിലിൽ നടത്തിയ 889.81 കോടി ഇടപാടുകളായിരുന്നു. മാർച്ചിൽ 868.53 കോടിയും ഫെബ്രുവരിയിൽ 753.34 കോടിയും യു.പി.ഐ ഇടപാടുകളാണ് രാജ്യത്ത് നടന്നത്.

തുക കൈമാറ്റത്തിൽ 43% വർദ്ധന
മേയിൽ യു.പി.ഐ വഴി കൈമാറ്റം ചെയ്യപ്പെട്ട തുകയിലും റെക്കാഡ് സൃഷ്ടിച്ചു. മൊത്തം 14.89 ലക്ഷം കോടി രൂപയാണ് മേയിൽ കൈമാറിയത്. മാർച്ചിലെ 14.10 ലക്ഷം കോടി രൂപയുടെ റെക്കോഡാണ് മറികടന്നത്. ഏപ്രിലിൽ മൂല്യം 14.07 ലക്ഷം കോടി രൂപയായിരുന്നു.
2022 മേയിലെ ഇടപാടുകളെ അപേക്ഷിച്ച് കഴിഞ്ഞമാസം മൂല്യം 58 ശതമാനവും എണ്ണം 43 ശതമാനവും ഉയർന്നിട്ടുണ്ട്. 2022 മേയിൽ 595.52 കോടി ഇടപാടുകളിലായി 10.41 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് നടന്നത്.

മേയിലെ അവസാന 10 ദിവസങ്ങളിലായി മാത്രം 3.96 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടന്നുവെന്ന് എൻ.പി.സി.ഐ പറയുന്നു. 2022-23 സാമ്പത്തിക വർഷത്തിലാകെ 8,376 കോടി ഇടപാടുകൾ യു.പി.ഐ വഴി നടന്നു. 139 ലക്ഷം കോടി രൂപയാണ് ഈ കാലയളവിലെ ഇടപാട് മൂല്യം. 2021-22ൽ ഇടപാടുകൾ 4,597 കോടിയും മൂല്യം 84 ലക്ഷം കോടി രൂപയുമായിരുന്നു.

സുരക്ഷയ്ക്ക് ആ.ർ.ബി.ഐ നിർദ്ദേശങ്ങൾ

പണമിടപാടുകൾ സുരക്ഷിതമാക്കാനായി ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകൾക്കാ‌യി റിസർവ് ബാങ്ക് കരട് സർക്കുലർ പുറത്തിറക്കി. അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ മാറ്റംവരുത്തിയാൽ അടുത്ത 12 മണിക്കൂർ കഴിഞ്ഞ് (കൂളിംഗ് പീരിഡ്) മാത്രമാവും ഇടപാടുകൾ നടത്താൻ സാധ്യമാവൂ. ഒ.ടി.പി ഉൾപ്പെടെയുള്ള പണമിടപാട് എസ്.എം.എസുകൾ പ്രാദേശിക ഭാഷകളിൽ നൽകണമെന്നും ആ‌ർ.ബി.ഐ നിർദ്ദേശമുണ്ട്.

ഏത് ഇടപാടിന്റേതാണ് ഒ.ടി.പിയെന്ന് മെസ്സേജിൽ വ്യക്തമാക്കണം. സംശയകരമായ ഇടപാടു നടന്നാൽ നിർബന്ധമായും ഉപയോക്താവിനെ അറിയിക്കണം. കാർഡ് ഉടമകളു‌ടെ വിവരങ്ങൾ രഹസ്യമായിരിക്കണം. പലതവണ തെറ്റായ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുന്നതിന് പരിധി വേണം. അത് കഴിഞ്ഞ് സേവനം ബ്ലോക്ക് ആവുന്ന രീതി നടപ്പിലാക്കണമെന്നും ആ‌ർ.ബി.ഐ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തവർഷം ഏപ്രിൽ ഒന്നുമുതൽ ഇത് നടപ്പിലാക്കാനാണ് തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360