SignIn
Kerala Kaumudi Online
Friday, 25 September 2026 1.40 AM IST

ഏവിയേഷൻ കൺസൾട്ടൻസിയിലേക്ക് സിയാൽ

vds

ഏവിയേഷൻ കൺസൾട്ടൻസിയിലേക്ക് സിയാൽ

ആദ്യ പദ്ധതി ദുർഗാപൂർ വിമാനത്താവളത്തിൽ

നെടുമ്പാശേരി: വിമാനത്താവള നിർമ്മാണ ആസൂത്രണം, റൺവേ വികസനം, കാർഗോ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, കമേഴ്‌സ്യൽ മേഖലകൾ ഉൾപ്പെടെ ഏവിയേഷൻ കൺസൾട്ടൻസി സേവനങ്ങൾ നൽകാൻ കൊച്ചിൻ രാജ്യാന്തര വിമാനത്താവള കമ്പനി(സിയാൽ). ഇതിനായി സിയാൽ ഏയ്‌സസ്(ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്‌സ്‌പേർട്ട് സർവീസസ്) എന്ന പുതിയ സംരംഭത്തിന് തുടക്കമിട്ടു. പശ്ചിമബംഗാളിലെ ദുർഗാപൂർ വിമാനത്താവളത്തിലെ പാസഞ്ചർ വെരിഫിക്കേഷൻ സംവിധാനമാണ് ആദ്യ പദ്ധതി.

സിയാലിന്റെ 32ാമത് വാർഷിക പൊതുയോഗത്തിൽ ഓഹരിയുടമകളെ അഭിസംബോധന ചെയ്തുകൊണ്ട് കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി.ഡി സതീശനാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തെ മൾട്ടിമോഡൽ ലോജിസ്‌റ്റിക് ഹബായി മാറ്റുന്നതിനും ആഗോള കൺവെൻഷൻ സെന്റർ സ്ഥാപിക്കുന്നതിനും വരുമാന സാദ്ധ്യതകൾ വിപുലീകരിക്കുന്നതിനും പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് യാത്രാനുഭവം മെച്ചപ്പെടുത്താനും ആലോചനയുണ്ട്.

പാർക്ക് ചെയ്ത വിമാനങ്ങൾക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള ബ്രിഡ്ജ് മൗണ്ട് എക്യൂപെൻസ് സർവീസും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എല്ലാ വിമാനങ്ങൾക്കും സൗജന്യമായി ഈ സേവനം ലഭ്യമാകും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സൗജന്യ സേവനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിയാൽ ഡയറക്ടർ ബോർഡ് അംഗമായ മന്ത്രി റോജി എം.ജോൺ, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, കമ്പനി സെക്രട്ടറി കെ. രാജീവ്‌, സി.എഫ്.ഒ സജി ഡാനിയേൽ എന്നിവർ പങ്കെടുത്തു.

ലാഭം 502 കോടി രൂപ

ഓഹരി ഉടമകൾക്ക് 55 ശതമാനം ലാഭവിഹിതം നൽകുന്നതിനുള്ള ഡയറക്ടർ ബോർഡ് ശുപാർശ പൊതുയോഗം അംഗീകരിച്ചു. 2025-26 വർഷത്തിൽ സിയാൽ 1,220 കോടി രൂപ വരുമാനവും 502 കോടി രൂപ ലാഭവും നേടി. 73,134 വിമാന സർവീസുകളും 1.14 കോടി യാത്രക്കാരെയും കൈകാര്യം ചെയ്തു.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360