SignIn
Kerala Kaumudi Online
Saturday, 26 September 2026 1.49 AM IST

കാർഷിക മേഖലയ്ക്ക് ഈടില്ലാ വായ്‌പയുമായി റിസർവ് ബാങ്ക്

loan

ഈടില്ലാ വായ്പകളുടെ പരിധി രണ്ട് ലക്ഷം രൂപയായി ഉയർത്തി

ഭക്ഷ്യ വിലക്കയറ്റം ചെറുക്കാൻ നടപടി

വാർഷിക പലിശ നാല് ശതമാനം മാത്രം

കൊച്ചി: രാജ്യത്തെ കാർഷിക മേഖലയ്ക്ക് ഉണർവേകാൻ ചെറുകിട, നാമമാത്ര കർഷകർക്ക് ഈടില്ലാതെ നൽകുന്ന വായ്പയുടെ പരിധി റിസർവ് ബാങ്ക് 1.6 ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷം രൂപയായി ഉയർത്തി. ഉത്പാദന ചെലവിലെ ഗണ്യമായ വർദ്ധന കണക്കിലെടുത്ത് ജനുവരി ഒന്ന് മുതൽ പുതിയ വായ്പകൾ കർഷകർക്ക് ലഭ്യമാക്കണമെന്ന് വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകി. ഇന്ത്യയിലെ 86 ശതമാനം ചെറുകിട, നാമമാത്ര കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കാർഷിക, കാർഷികാനുബന്ധ മേഖലകൾക്ക് നൽകുന്ന വായ്പകളിലെ ഈട് നിബന്ധന ഒഴിവാക്കണമെന്നും റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. കാർഷിക വായ്പയിലെ പുതിയ നിബന്ധനകൾ സുഗമമായി നടപ്പിലാക്കുന്നതിനൊപ്പം വായ്പാ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ പരമാവധി പ്രചരിപ്പിക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചു.

നേട്ടം കിസാൻ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക്

കിസാൻ ക്രെഡിറ്റ് കാർഡുള്ളവർക്ക്(കെ.സി.സി) അതിവേഗത്തിൽ മൂന്ന് ലക്ഷം രൂപ വരെ നാല് ശതമാനം പലിശയിൽ വായ്പ നൽകുന്ന സ്കീമിന് കൂടുതൽ പ്രചാരം ലഭിക്കാൻ പുതിയ നടപടി സഹായകമാകും. ജനുവരി ഒന്ന് മുതൽ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പ ഈടില്ലാതെയും അധികമുള്ള വായ്പ തുകയ്ക്ക് മാത്രം കർഷകർ ഭൂമിയോ സ്വർണമോ ഈടായി നൽകിയാൽ മതിയാകും.

യോഗ്യതകൾ

1. രണ്ട് ഏക്കർ മുതൽ ആയിരം ഏക്കർ വരെ ഭൂമി സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കൈവശമുള്ള 18 മുതൽ 75 വയസ് പ്രായമുള്ളവർക്ക് കെ.സി.സി ലഭിക്കും

2. വാണിജ്യ ബാങ്കുകളുടെ വെബ്‌സൈറ്റിലും സർക്കാർ വെബ്സൈറ്റുകളിലും കർഷകന്റെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയൽ രേഖകളും നൽകി കെ.സി.സിക്ക് അപേക്ഷിക്കാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360