SignIn
Kerala Kaumudi Online
Friday, 23 October 2026 12.32 AM IST

വിലക്കയറ്റത്തിൽ വലഞ്ഞ് എഫ്.എം.സി.ജി വിപണി

fmcg

ഉത്പാദന ചെലവുയർന്നതോടെ കമ്പനികൾ വില കൂട്ടുന്നു

കൊച്ചി: ഉയരുന്ന നാണയപ്പെരുപ്പവും ഉത്പാദന ചെലവിലെ വർദ്ധനയും ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഉത്പന്ന(എഫ്.എം.സി.ജി) വിപണിയിൽ വിലക്കയറ്റ ഭീഷണി രൂക്ഷമാക്കുന്നു. ഇപ്പോഴത്തെ വിപണി സാഹചര്യങ്ങൾ പരിഗണിച്ച് സോപ്പ്, ഷാംമ്പൂ മുതൽ പായ്ക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കളുടെ വില വരെ വർദ്ധിപ്പിക്കാൻ നിർബന്ധിതരാണെന്ന് എഫ്.എം.സി.ജി കമ്പനികൾ പറയുന്നു. വിലക്കയറ്റം രൂക്ഷമായതോടെ ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ പ്രധാന കമ്പനികളുടെയെല്ലാം വിറ്റുവരവിലും ലാഭത്തിലും ഗണ്യമായ കുറവുണ്ടായി. ഇക്കാലയളവിൽ ഹിന്ദുസ്ഥാൻ യൂണിലിവറും ഐ.ടി.സിയും അടക്കമുള്ള കമ്പനികളുടെ വരുമാനത്തിൽ ഒറ്റയക്ക വളർച്ച മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് അനലിസ്‌റ്റുകൾ പറയുന്നു.

കൊപ്ര, വെളിച്ചെണ്ണ, പാമോയിൽ തുടങ്ങിയ അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം കണക്കിലെടുത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ സോപ്പ്, ഡിറ്റർജന്റ്, ഷാംമ്പൂ, ഹെയർ ഓയിൽ തുടങ്ങിയ ഉത്പന്നങ്ങളുടെ വില കമ്പനികൾ വർദ്ധിപ്പിച്ചിരുന്നു. ഉപഭോക്താക്കളുടെ ഉപഭോഗശേഷി കുറഞ്ഞതും വില്പന ഇടിച്ചു. ഡിസംബർ പാദത്തിൽ വില്പനയിലും ലാഭത്തിലും കാര്യമായ വളർച്ച പ്രതീക്ഷിക്കുന്നില്ലെന്ന് പ്രമുഖ ആഭ്യന്തര ബ്രാൻഡായ ഡാബർ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഗ്രാമീണ മേഖലയിൽ സ്ഥിരതയോടെ വളർച്ച നേടാനായെങ്കിലും നഗരങ്ങളിലെ ഉപഭോഗത്തിൽ ഇക്കാലയളവിൽ ഇടിവുണ്ടായെന്നും അവർ പറയുന്നു. മറ്റൊരു പ്രമുഖ ബ്രാൻഡായ മാരികോയും വില്പന തളർച്ച ശക്തമാണെന്ന് വ്യക്തമാക്കി.

കിരാന ഷോപ്പുകളിൽ വില്പന ഇടിയുന്നു

ഓൺലൈൻ, ഇ കൊമേഴ്‌സ് വ്യാപാരത്തിലെ കുതിപ്പ് ചെറു കടകളിലെ വില്പനയെ ഏറെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കമ്പനികളുടെ കണക്കുകൾ വ്യക്തമാക്കുന്നു. വലിയ മാളുകളും വൻകിട ദേശീയ റീട്ടെയിൽ ശൃംഖലകളും ഗ്രാമങ്ങളിൽ വരെ സാന്നിദ്ധ്യം ശക്തമാക്കുന്നതാണ് ചെറു കടകളുടെ നിലനിൽപ്പിനെ ബാധിക്കുന്നത്. എന്നാൽ ഇ-കൊമേഴ്‌സ്, ദ്രുത ഡെലിവറി സംവിധാനങ്ങളിലൂടെയുള്ള എഫ്.എം.സി.ജി വില്പന മികച്ച വളർച്ച നേടുകയാണെന്നും അവർ പറയുന്നു.

ചെറുപായ്‌ക്കറ്റുകൾക്ക് പ്രിയമേറുന്നു

ഉത്പാദന ചെലവിലെ വർദ്ധന കണക്കിലെടുത്ത് കമ്പനികൾ വില ഉയർത്തിയതോടെ വിപണിയിൽ ചെറിയ പായ്‌ക്കറ്റുകളിലെത്തുന്ന ഉത്പന്നങ്ങൾക്ക് പ്രിയം കൂടുകയാണെന്ന് കമ്പനികൾ പറയുന്നു. സോപ്പ്, സ്‌നാക്ക്‌സ്, തേയില, ഡിറ്റർജന്റുകൾ, പേസ്‌റ്റുകൾ എന്നിവയുടെ ഇരുനൂറ് ഗ്രാമിൽ താഴെയുള്ള പായ്‌ക്കറ്റുകൾക്കാണ് ഡിമാൻഡേറുന്നത്.

വില സമ്മർദ്ദം രൂക്ഷമായ ഉത്പന്നങ്ങൾ

വെളിച്ചെണ്ണ, ഭക്ഷ്യ എണ്ണകൾ, തേയില, സ്‌നാക്‌സ്, സോപ്പ്, ഡിറ്റർജന്റുകൾ, ബോഡി ലോഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360