SignIn
Kerala Kaumudi Online
Friday, 23 October 2026 12.32 AM IST

വിദേശ നിക്ഷേപ പിന്മാറ്റം പുതുവർഷത്തിലും ശക്തം

invest

കൊച്ചി: പുതുവർഷത്തിലും ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമാകുന്നു. ജനുവരിയിലെ ആദ്യ മൂന്ന് വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 4,285 കോടി രൂപയുടെ ഓഹരികളാണ് വിറ്റുമാറിയത്. ഡിസംബറിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ 15,446 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിരുന്നു.

ഇന്ത്യൻ കമ്പനികളുടെ പ്രവർത്തന ലാഭത്തിലെ ഇടിവും രൂപയുടെ മൂല്യത്തകർച്ചയും നാണയപ്പെരുപ്പത്തിലെ വർദ്ധനയുമാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് ഉൗർജം പകരുന്നത്.

ആഗോള മേഖലയിലെ പ്രതികൂല ചലനങ്ങൾ മൂലം കഴിഞ്ഞ മാസങ്ങളിൽ സെൻസെക്സ് നാലായിരം പോയിന്റിലധികം നഷ്‌ടം നേരിട്ടിരുന്നു. ഫെഡറൽ റിസർവ് പലിശ കുറയ്ക്കുന്നതിൽ വ്യക്തമായ തീരുമാനം പ്രഖ്യാപിക്കാത്തതിനാൽ വിദേശ നിക്ഷേപകർ ഏറെ കരുതലോടെയാണ് വിപണിയിൽ നീങ്ങുന്നത്. ഇതോടൊപ്പം അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതും വിദേശ നിക്ഷേപകർക്ക് ആശങ്ക സൃഷ്‌ടിക്കുന്നു. അമേരിക്കയുടെ പുതിയ പ്രസിഡന്റായി അധികാരമേൽക്കുന്ന ഡൊണാൾഡ് ട്രംപ് വ്യാപാര രംഗത്ത് നികുതി യുദ്ധത്തിന് ഒരുങ്ങുന്നതും നിക്ഷേപകരെ മുൾമുനയിലാക്കി.

കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ നിർണായകം

ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസങ്ങളിലെ കമ്പനികളുടെ പ്രവർത്തന ഫലമാണ് നിക്ഷേപകർ കരുതലോടെ കാത്തിരിക്കുന്നത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റവും നഗരങ്ങളിലെ ഉപഭോഗ ഇടിവും കമ്പനികളുടെ ലാഭത്തിലും വിറ്റുവരവിലും സമ്മർദ്ദം സൃഷ്‌ടിക്കുന്നുവെന്ന് അനലിസ്‌റ്റുകൾ പറയുന്നു. ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം പ്രഖ്യാപിക്കുന്ന വ്യാപാര നയങ്ങളും നിക്ഷേപ തീരുമാനത്തെ സ്വാധീനിക്കും.

വിദേശ നിക്ഷേപ ഒഴുക്ക്

1. 2022ൽ വിദേശ നിക്ഷേപകർ 1.21 ലക്ഷം കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് പിൻവലിച്ചത്

2. 2023ൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 1.71 ലക്ഷം കോടി രൂപയുടെ ഓഹരികൾ വാങ്ങി

3. 2024ലെ വിദേശ നിക്ഷേപകരുടെ അറ്റ നിക്ഷേപം 427 കോടി രൂപയാണ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360