
കോട്ടയ്ക്കൽ: ആയുർവേദത്തിന്റെ പര്യായമായി കോട്ടയ്ക്കൽ മാറിയെന്ന് നെതർലൻഡ്സിലെ മുൻ ഇന്ത്യൻ അംബാസഡർ വേണു രാജാമണി പറഞ്ഞു. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ 81-ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് ആരോഗ്യ മേഖലയിൽ മുൻനിരയിലുള്ള രാജ്യമായ ക്യൂബ ആയുർവേദത്തിന് നൽകുന്ന പ്രാധാന്യമേറെയാണ്. കേരള സർക്കാർ പാശ്ചാത്യ മെഡിസിനാണ് ആയുർവേദത്തേക്കാൾ മുൻഗണന നൽകുന്നത്. പി.എസ്.വാരിയർ ആയുർവേദ രംഗത്തെ എല്ലാവരെയും ഒരുമിപ്പിച്ച് ശാസ്ത്രീയ മുന്നേറ്റം ഉണ്ടാക്കി. ഇതുപോലെ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ ആയുർവേദത്തിന്റെ പ്രചാരണത്തിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി. എം. വാരിയർ അദ്ധ്യക്ഷനായി. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ചെയർമാൻ വേണുഗോപാൽ സി.ഗോവിന്ദ്, സാഹിത്യ നിരൂപകനും നാടകകൃത്തുമായ ഇ.പി.രാജഗോപാലൻ, ആര്യവൈദ്യശാല ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ.ഹരികുമാർ, ആര്യവൈദ്യശാല ട്രസ്റ്റി ആൻഡ് ആഡീഷണൽ ചീഫ് ഫിസിഷ്യൻ ഡോ.മുരളീധരൻ സംസാരിച്ചു. അർഹരായ വിദ്യാർത്ഥികൾക്കുള്ള വിവിധ അവാർഡുകളുടെയും സ്‌കോളർഷിപ്പുകളുടെയും വിതരണം പി.എം.വാരിയർ നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |