
വിലത്തകർച്ചയിൽ നിക്ഷേപകർക്ക് നഷ്‌ടം പെരുകുന്നു
കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധവും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്മാറ്റവും സൃഷ്‌ടിക്കുന്ന അനിശ്ചിതത്വങ്ങളിൽ നിന്ന് കരകയറാതെ ഓഹരി വിപണി ആടിയുലയുന്നു. എട്ട് ദിവസത്തെ തുടർച്ചയായ നഷ്‌ടക്കച്ചവടത്തിന് ശേഷം വിപണി ഇന്ന് നേട്ടപാതയിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. രണ്ടു വർഷത്തിനിടെ ഇത്രയും ദീർഘകാലയളവിൽ വിപണി നഷ്‌ടത്തിൽ നീങ്ങുന്നതാദ്യമായാണ്. കഴിഞ്ഞ വാരത്തിൽ സെൻസെക്‌സ്, നിഫ്‌റ്റി സൂചികകൾ മൂന്ന് ശതമാനത്തിനടുത്താണ് നഷ്‌ടം നേരിട്ടത്.
ഫെബ്രുവരിയിൽ സെൻസെക്സ് 4,302.47 പോയിന്റും നിഫ്‌റ്റി 1,383.7 പോയിന്റും തകർന്നു. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി സൂചികയിലും പത്ത് ശതമാനത്തിലധികം ഇടിവുണ്ടായി. മെക്സികോ, കാനഡ എന്നിവിടങ്ങളിലെ ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള തീരുമാനം നാളെ മുതൽ നടപ്പാകുമെന്ന ട്രംപിന്റെ പ്രഖ്യാപനം വിപണിയെ നടപ്പുവാരവും മുൾമുനയിലാക്കിയേക്കും. ആഭ്യന്തര മേഖലയിൽ ആശ്വാസകരമായ വാർത്തകൾ കുറവായതിനാൽ വിപണിയിൽ ചാഞ്ചാട്ടം ശക്തമാകുമെന്നും വിലയിരുത്തുന്നു. റഷ്യയും ഉക്രെയിനുമായുള്ള വെടിനിറുത്തൽ സാദ്ധ്യത മങ്ങിയതും യൂറോപ്യൻ യൂണിയനും യു.എസ്.എയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ശക്തമാകുന്നതും ആഗോള രാഷ്ട്രീയ രംഗം കലുഷിതമാക്കുന്നു. ഇതിന്റെ അനുരണനങ്ങൾ ഇന്ത്യൻ വിപണിയിലും ദൃശ്യമായേക്കും.
സെപ്‌തംബർ 27ലെ റെക്കാഡ് ഉയരത്തിൽ നിന്നുള്ള വീഴ്ച
സെൻസെക്സ് : 12,780.15 പോയിന്റ്‌സ്
നിഫ്‌റ്റി : 4,152.65 പോയിന്റ്സ്
കാത്തിരിക്കുന്ന സംഭവ വികാസങ്ങൾ
1. ഡൊണാൾഡ് ട്രംപിന്റെ തീരുവ പ്രഖ്യാപനങ്ങൾ
2. ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ്
3. വിദേശ നിക്ഷേപകരുടെ പിന്മാറ്റം
4. ആഭ്യന്തര വാഹന വിൽപ്പന കണക്കുകൾ
വിദേശ ഫണ്ടുകളുടെ വിൽപ്പന ശക്തം
നടപ്പുവർഷം ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 1.35 ലക്ഷം കോടി രൂപയിലധികമാണ് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്. ഫെബ്രുവരിയിൽ മാത്രം 34,574 കോടി രൂപയുടെ ഓഹരികൾ വിദേശ ഫണ്ടുകൾ ഇന്ത്യയിൽ വിറ്റഴിച്ചു. എന്നാൽ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങൾ ആവേശത്തോടെ സജീവമായതിനാൽ വിപണി കനത്ത തകർച്ച ഒഴിവാക്കി. ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ കമ്പനികളുടെ ലാഭത്തിൽ പ്രതീക്ഷിച്ച വർദ്ധനയില്ലാത്തതാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് വേഗം പകരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |