
ആഗോള പ്രതിസന്ധികൾ വിനയാകുന്നു
കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ തീരുവ വർദ്ധന തീരുമാനം ഇന്ന് പ്രാബല്യത്തിലാകുമെന്ന ആശങ്കയിൽ ഓഹരി നിക്ഷേപകർ അതിസമ്മർദ്ദത്തിലേക്ക് നീങ്ങുന്നു. അമേരിക്കയുടെ പകരച്ചുങ്കവും മാന്ദ്യ സാഹചര്യവും ഇന്ത്യയിൽ മുൻനിര കമ്പനികളുടെ ലാഭത്തിലും വിൽപ്പനയിലും കനത്ത തിരിച്ചടി സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തുന്നത്. കയറ്റുമതി മേഖല തിരിച്ചടി നേരിടുന്നതിനൊപ്പം രൂപയുടെ മൂല്യത്തകർച്ചയും ക്രൂഡോയിൽ വിലയിലെ കുതിപ്പും ഇന്ത്യയുടെ വളർച്ചാ സാദ്ധ്യതകളെ പ്രതികൂലമായി ബാധിക്കുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് പകരച്ചുങ്കം ഏപ്രിൽ രണ്ട് മുതൽ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇറക്കുമതി തീരുവ കൂടുന്നതോടെ അമേരിക്ക കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന ആശങ്കകൾ ശക്തമാണ്. ഇതോടെ ഇന്ത്യൻ ഐ.ടി കമ്പനികളുടെ ഓഹരികൾ ഇന്നലെ കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും കനത്ത ഇടിവ് നേരിട്ടു. ട്രംപിന്റെ പുതിയ തീരുവ വർദ്ധന പ്രാബല്യത്തിൽ വന്നാൽ അടുത്ത ദിവസങ്ങളിലും ഓഹരി വിപണിയിൽ വിൽപ്പന സമ്മർദ്ദം തുടർന്നേക്കും. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഹ്രസ്വകാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ നിന്ന് വൻതോതിൽ പണം പിൻവലിച്ചതാണ് വിപണിക്ക് തിരിച്ചടിയായത്. ഒരു മാസത്തിനിടെയിലെ ഏറ്റവും വലിയ പ്രതിദിന ഇടിവാണ് ഇന്നലെ വിപണിയിലുണ്ടായത്.
രൂപയ്ക്ക് സമ്മർദ്ദമേറുന്നു
ആഗോള വ്യാപാര യുദ്ധവും രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിലെ കുതിപ്പും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവുണ്ടാക്കിയേക്കും. വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണ് രൂപയ്ക്ക് സമ്മർദ്ദം സൃഷ്‌ടിക്കുന്നത്.
വില്പന മോഡിൽ വിദേശ നിക്ഷേപകർ
സാമ്പത്തിക വർഷത്തെ ആദ്യ വ്യാപാര ദിനത്തിൽ 5,900 കോടി രൂപ ഓഹരികളാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിൽ വിറ്റഴിച്ചത്. അതേസമയം ആഭ്യന്തര ധന സ്ഥാപനങ്ങൾ 4,322 കോടി രൂപയുടെ അധിക നിക്ഷേപം വിപണിയിൽ നടത്തി. നടപ്പുവർഷം ഇതുവരെ 1.46 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പിൻവലിച്ചത്.
മാർച്ചിൽ ജി.എസ്.ടി വരുമാനം 1.76 ലക്ഷം കോടി രൂപയായി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |