
വിദേശ പണമൊഴുക്ക് കരുത്താകും
കൊച്ചി: ആഭ്യന്തര, വിദേശ നിക്ഷേപകരുടെ ശക്തമായ പിന്തുണയിൽ ഇന്ത്യൻ ഓഹരി വിപണി നടപ്പുവാരവും മുന്നേറ്റം തുടർന്നേക്കും. ഡൊണാൾഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചതിന് ശേഷമുണ്ടായ നഷ്‌ടം പൂർണമായും നികത്തി നേട്ടപാതയിലേക്ക് മുന്നേറാൻ പ്രധാന സൂചികകളായ സെൻസെക്സിനും നിഫ്‌റ്റിക്കും കഴിഞ്ഞു. ചെറുകിട, ഇടത്തരം ഓഹരി സൂചികയും നടപ്പുവർഷത്തിലെ ഉയർന്ന തലത്തിലേക്ക് മടങ്ങിയെത്തി. ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിക്കാൻ ട്രംപ് തീരുമാനിച്ചതാണ് ഓഹരികൾക്ക് ഊർജം പകർന്നത്. ഇതോടെ നിക്ഷേപകർ പൂർവാധികം ശക്തിയോടെ ഓഹരികൾ വാങ്ങിക്കൂട്ടി.
അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളിയായി ഇന്ത്യ മാറുന്നതിന് സാദ്ധ്യതകൾ തെളിയുന്നതാണ് പ്രധാനമായും നിക്ഷേപ താത്പര്യം വർദ്ധിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയെ ട്രംപിന്റെ പകരച്ചുങ്ക നീക്കങ്ങൾ കാര്യമായി ബാധിക്കില്ലെന്ന് പ്രമുഖ ആഗോള ഏജൻസികൾ വിലയിരുത്തുന്നു. ഇതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വീണ്ടും പണമൊഴുക്കാൻ തുടങ്ങി.
കഴിഞ്ഞ വാരം സെൻസെക്‌സ് 3,396 പോയിന്റ് നേട്ടവുമായി 78,553ൽ എത്തി. നിഫ്‌റ്റി 50 സൂചിക 1,020 പോയിന്റ് ഉയർന്ന് 23,852ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം ഓഹരി സൂചികയിൽ നാല് ശതമാനത്തിലധികം നേട്ടമുണ്ടായി.
വിദേശ നിക്ഷേപകർ തിരിച്ചെത്തുന്നു
ഇന്ത്യൻ സാമ്പത്തിക മേഖലയുടെ വളർച്ചാ സാദ്ധ്യതകൾ കണക്കിലെടുത്ത് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ആഭ്യന്തര വിപണിയിൽ വീണ്ടും സജീവമാകുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ വിദേശ സ്ഥാപനങ്ങൾ 1,500 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യയിൽ വാങ്ങിയത്. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമാകുന്നതാണ് ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിലേക്ക് വിദേശ പണമൊഴുക്ക് വർദ്ധിപ്പിക്കുന്നത്.
അനുകൂല സാഹചര്യങ്ങൾ
1. അമേരിക്കയുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവക്കുന്നതിന് അനുകൂല സാഹചര്യങ്ങൾ ഒരുങ്ങുന്നു
2. നടപ്പു സാമ്പത്തിക വർഷം ഇന്ത്യയിൽ കാലവർഷത്തിന്റെ ലഭ്യത സാധാരണയിലും മെച്ചമാകുമെന്ന പ്രവചനങ്ങൾ
3. കാലവർഷം മെച്ചപ്പെടുന്നതോടെ കാർഷിക, ഗ്രാമീണ വിപണികളിൽ ഉപഭോഗം ഗണ്യമായി മെച്ചപ്പെടുമെന്നാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്
4. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിയുന്നതിനാൽ കമ്പനികളുടെ ഉത്പാദന ചെലവ് കുറയാൻ സാദ്ധ്യതയേറുന്നു
കമ്പനികളുടെ പ്രവർത്തന ഫലങ്ങളിൽ കണ്ണുനട്ട്
ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിലെ കമ്പനികളുടെ പ്രവർത്തന ഫലങ്ങളാണ് നിക്ഷേപകർ ഏറെ കരുതലോടെ വീക്ഷിക്കുന്നത്. കഴിഞ്ഞ വാരം പുറത്തുവന്ന ബാങ്കുകളുടെ പ്രവർത്തനഫലം ലാഭക്ഷമത മെച്ചപ്പെടുന്നതിന്റെ സൂചനകളാണ് നൽകുന്നത്. മാരുതി സുസുക്കി ഉൾപ്പെടെയുള്ള മുൻനിര കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ ഈ വാരം പുറത്തുവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |