
വില ഇനിയും കൂട്ടിയേക്കും
കൊച്ചി: പതിനൊന്ന് ദിവസത്തിനിടെ നാല് തവണയായി പെട്രോൾ, ഡീസൽ വില ലിറ്ററിന് എട്ടു രൂപയിലധികം വർദ്ധിപ്പിച്ചിട്ടും പൊതുമേഖല എണ്ണക്കമ്പനികളുടെ വിൽപ്പന നഷ്‌ടം ഒഴിയുന്നില്ല. രാജ്യാന്തര വിപണിയിലെ ചലനങ്ങളും രൂപയുടെ മൂല്യത്തകർച്ചയും കണക്കിലെടുത്താൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില ലിറ്ററിന് പത്ത് രൂപയിലധികം ഇനിയും കൂട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം. ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയതിന് ശേഷം ക്രൂഡ് വില ഇരട്ടിയിലധികം ഉയർന്നതാണ് വെല്ലുവിളി.
കഴിഞ്ഞ ദിവസങ്ങളിലെ വർദ്ധനയ്ക്ക് ശേഷവും പെട്രോൾ, ഡീസൽ എന്നിവ ഉത്പാദന ചെലവിലും കുറഞ്ഞ വിലയിൽ വിൽക്കുന്നതിലൂടെ പ്രതിദിനം 600 കോടി രൂപയുടെ നഷ്‌ടം കമ്പനികൾക്കുണ്ടെന്ന് പെട്രോളിയം മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ആഗോള തലത്തിൽ പെട്രോളിന് 22 ശതമാനവും ഡീസലിന് 27 ശതമാനവും വില നാല് മാസത്തിനിടെ ഉയർന്നു. എന്നാൽ ഇന്ത്യയിൽ ഇതുവരെ എട്ട് ശതമാനം വർദ്ധന മാത്രമാണുണ്ടായത്. മാർച്ചിൽ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ പത്ത് ശതമാനം കുറച്ചതോടെ കേന്ദ്ര സർക്കാരിന് 14,000 കോടി രൂപയുടെ വരുമാന നഷ്‌ടമുണ്ട്.
കുത്തനെ ഇടിഞ്ഞ് ക്രൂഡോയിൽ വില
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും ധാരണയിലേക്ക് നീങ്ങുന്നുവെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഇന്നലെ നിലംപൊത്തി. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 6.5 ഡോളർ കുറഞ്ഞ് 97 ഡോളറിലെത്തി. ഡബ്‌ള്യു.ടി.ഐ ക്രൂഡ് വില ആറ് ശതമാനം ഇടിഞ്ഞ് ബാരലിന് 90 ഡോളറായി. ഹോർമുസ് ഇടനാഴി തുറയ്ക്കാൻ സാദ്ധ്യതയേറിയതോടെ നിക്ഷേപകർ ഓഹരി, സ്വർണം എന്നിവയിലേക്ക് പണം മാറ്റി.
കരുത്താർജിച്ച് രൂപ
യുദ്ധ ഭീതി ഒഴിഞ്ഞതോടെ ഡോളറിനെതിരെ രൂപ കരുത്താർജിച്ചു. കയറ്റുമതിക്കാർ ഡോളർ വൻതോതിൽ വിറ്റഴിച്ചതോടെ രൂപ ഇന്നലെ 35 പൈസ നേട്ടത്തോടെ 95.25ൽ വ്യാപാരം പൂർത്തിയാക്കി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായതും രൂപയ്ക്ക് നേട്ടമായി. ദീർഘ കാലത്തിന് ശേഷം വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് തിരിച്ചെത്തി.
ക്രൂഡോയിൽ വില ബാരലിന് 6.5 ശതമാനം കുറഞ്ഞ് 95 ഡോളറിൽ
രൂപ@95.25
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |