SignIn
Kerala Kaumudi Online
Wednesday, 28 October 2026 1.46 AM IST

വിൽപ്പന കൂടിയിട്ടും വാഹന കമ്പനികൾക്ക് ലാഭസമ്മർദ്ദം

car

ഉത്പാദനച്ചെലവിലെ വർദ്ധന തിരിച്ചടി

കൊച്ചി: വിൽപ്പനയിലെ മികച്ച കുതിപ്പിലും രാജ്യത്തെ വാഹന നിർമ്മാണ കമ്പനികളുടെ ലാഭമാർജിൻ ഇടിയുന്നു. നടപ്പുസാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ മാരുതി സുസുക്കി, എസ്.എം.എൽ മഹീന്ദ്ര എന്നീ കമ്പനികളുടെ അറ്റാദായത്തിൽ ഇടിവുണ്ടായി. അതേസമയം ടാറ്റ മോട്ടോഴ്‌സ് അപ്രതീക്ഷിതമായി നഷ്‌ടത്തിൽ നിന്ന് ലാഭത്തിലേക്ക് കരകയറി. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ മാരുതി സുസുക്കിയുടെ വരുമാനം 26 ശതമാനം ഉയർന്നിട്ടും അറ്റാദായം 26.4 ശതമാനം ഇടിഞ്ഞ് 2,466 കോടി രൂപയിലെത്തി. അസംസ്‌കൃത സാധനങ്ങളുടെ വില വർദ്ധന രൂക്ഷമായതിനാൽ വിൽപ്പന വളർച്ച ലാഭമായി മാറുന്നില്ലെന്നാണ് വിലയിരുത്തുന്നത്. ഇക്കാലയളവിൽ കമ്പനി കാർ വില രണ്ട് തവണ വർദ്ധിപ്പിച്ചിട്ടും ലാഭക്ഷമത മെച്ചപ്പെടുത്തിയില്ല. രണ്ടാം പാദത്തിൽ മാരുതി സുസുക്കി

6,96,654 വാഹനങ്ങൾ വിറ്റഴിച്ച് ചരിത്ര നേട്ടമാണ് കൈവരിച്ചത്. വാണിജ്യ വാഹന നിർമ്മാതാക്കളായ എസ്.എം.എൽ മഹീന്ദ്രയുടെ അറ്റാദായം ഇക്കാലയളവിൽ 20.7 ശതമാനം ഇടിഞ്ഞ് 11.70 കോടി രൂപയായി.

ലാഭ പാതയിൽ ടാറ്റ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യൽ വെഹിക്കിൾസ് രണ്ടാം പാദത്തിൽ മികച്ച നേട്ടമുണ്ടാക്കി. കമ്പനിയുടെ വരുമാനം 36 ശതമാനം ഉയർന്ന് 25,338 കോടി രൂപയായി. ഇതോടൊപ്പം കഴിഞ്ഞ വർഷം ഇതേകാലയളവിൽ 867 കോടി രൂപയുടെ നഷ്‌ടം നേരിട്ട ടാറ്റ മോട്ടോഴ്‌സ് ഇത്തവണ 1,254 കോടി രൂപ ലാഭം കൈവരിച്ചു. വാഹന വിൽപ്പന സെപ്തംബർ പാദത്തിൽ 42.7 ശതമാനം ഉയർന്ന് 1,35,114 യൂണിറ്റുകളായി. അതേസമയം കമ്പനിയുടെ പ്രവർത്തന ലാഭമാർജിൻ 11.3 ശതമാനത്തിൽ നിന്ന് 10.9 ശതമാനമായി കുറഞ്ഞു.

വരുമാനത്തിൽ കുതിപ്പ്

ജൂലായ് മുതൽ സെപ്‌തംബർ വരെ രാജ്യത്തെ പ്രധാന വാഹന നിർമ്മാതാക്കളുടെ വരുമാനത്തിൽ മികച്ച വളർച്ചയാണുണ്ടായത്. മാരുതി സുസുക്കിയുടെ വരുമാനം 26 ശതമാനം വർദ്ധിച്ച് 53,355.5 കോടി രൂപയായി. ടാറ്റ മോട്ടോഴ്‌സിന്റെ വരുമാനം 42 ശതമാനം ഉയർന്ന് 23,940 കോടി രൂപയിലെത്തി. ബജാജ് ഓട്ടോയുടെ വരുമാനം 20,003 കോടി രൂപയിലെക്ക് ഉയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEHICLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360