
വിഴിഞ്ഞത്തും പാലക്കാട്ടും വികസനപദ്ധതികൾ
തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി പുതിയ വ്യവസായ സോണുകൾ ആരംഭിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിൽ അറിയിച്ചു. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ കിൻഫ്ര, ഇൻകെൽ എന്നിവ ആരംഭിച്ചു. സർവേ പൂർത്തിയാക്കി വ്യവസായ സോണുകൾ സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ ഭൂമി ഏറ്റെടുപ്പിന് പ്രാരംഭ നടപടികൾ കിൻഫ്ര പൂർത്തിയാക്കി. തുറമുഖവുമായി ബന്ധപ്പെട്ട കയറ്റുമതി–ഇറക്കുമതി ചരക്കുനീക്കത്തിനും ലോജിസ്റ്റിക്സ് സേവനങ്ങൾക്കുമായി ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ്, കേരള ഓട്ടോമൊബൈൽസ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ അധികഭൂമിയിൽ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനും കണ്ടെയ്നർ യാർഡും സ്ഥാപിക്കും.
കണ്ണൂർ വിമാനത്താവളത്തിന് സമീപം കിൻഫ്ര ഏറ്റെടുത്ത 475 ഏക്കർ ഭൂമി ഭാരത് ഔദ്യോഗിക് വികാസ് യോജനയിൽ ഉൾപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാരിന്റെ വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പനയത്താംപറമ്പിൽ 447 ഏക്കറിൽ വ്യവസായ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.
കൊച്ചി വിമാനത്താവളത്തിന് സമീപമുള്ള അയ്യമ്പുഴയിൽ ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. കൊച്ചി–ബംഗളൂരു ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായി പാലക്കാട് 1,700 ഏക്കറിൽ മാനുഫാക്ചറിംഗ് സിറ്റി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നു.
വിമാനത്താവളങ്ങൾക്കും വിഴിഞ്ഞം തുറമുഖത്തിനും സമീപം സംരംഭങ്ങൾ തുടങ്ങാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിന് ഇൻകെൽ താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഐ.ടി അധിഷ്ഠിത വ്യവസായങ്ങൾക്കും നിർമിതബുദ്ധി അധിഷ്ഠിത നിക്ഷേപങ്ങൾക്കും പ്രോത്സാഹനം നൽകും.
പുതിയ വ്യവസായ കേന്ദ്രങ്ങളിൽ ഭൂമിക്കൊപ്പം വൈദ്യുതി, ജലം, റോഡ്, ഡ്രെയിനേജ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സംരംഭകർക്ക് ലഭ്യമാക്കുമെന്ന് കെ.പി. നൗഷാദ് അലി, സി.ആർ. മഹേഷ്, കെ. പ്രവീൺ കുമാർ, സിറിയക് തോമസ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |