
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 40 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണിവില 13,430 രൂപയായി. പവന് വില 320 രൂപ കൂടി 1,07,440 രൂപയായി. പണിക്കൂലിയും ടാക്സും ഉൾപ്പടെയുള്ള ചാർജുകൾ ചേർത്ത് സ്വർണാഭരണങ്ങൾ വാങ്ങാൻ കൂടുതൽ വില കൊടുക്കണം.
ജൂൺ ഒന്നിനാണ് സ്വർണവിലയിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് വില 1,14,560 രൂപയായിരുന്നു. നിലവിലെ അവസ്ഥയിൽ സ്വർണവിലയിൽ വലിയ കയറ്റിറക്കങ്ങൾക്ക് സാദ്ധ്യത കുറവാണെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയാണ് വില.
അതേസമയം, ക്രൂഡോയിൽ വിലയിലെ കുതിപ്പ് നാണയപ്പെരുപ്പം ഉയർത്തിയതോടെ സ്വർണ വിപണിയിൽ സമ്മർദ്ദം ശക്തമാകുന്നുണ്ട്. പശ്ചിമേഷ്യൻ യുദ്ധം എണ്ണ പ്രതിസന്ധി രൂക്ഷമാക്കിയതിനാൽ അമേരിക്കയിൽ വിലക്കയറ്റ ഭീഷണി ഏറിയെങ്കിലും സാമ്പത്തിക മേഖല ശക്തമായ നിലയിലാണ്. വിപണിയിൽ പണ ലഭ്യത ഉയർന്ന തലത്തിലായതോടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ വർദ്ധിപ്പിക്കുമെന്ന വിലയിരുത്തലാണ് സ്വർണത്തിന് തിരിച്ചടിയായത്.
കഴിഞ്ഞ വാരാന്ത്യത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 4,130 ഡോളറിലേക്ക് മൂക്കുകുത്തിയിരുന്നു. യുദ്ധം അവസാനിച്ചെങ്കിലും ആഗോള ഫണ്ടുകൾ സ്വർണത്തിലേക്ക് പണമൊഴുക്കാൻ മടിക്കുകയാണ്. അമേരിക്കയിൽ പലിശ കൂടുമെന്ന പ്രതീക്ഷയിൽ ഡോളറും യു.എസ് ബോണ്ടുകളും കരുത്താർജിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്. ജനുവരിയിൽ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് 27 ശതമാനം ഇടിവാണ് അഞ്ച് മാസത്തിനിടെ സ്വർണ വിലയിലുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |