
ടുണീഷ്യയെ 4-0ത്തിന് തോൽപ്പിച്ച് ജപ്പാൻ നോക്കൗട്ട് സാദ്ധ്യത വർദ്ധിപ്പിച്ചു
അയാസേ ഉയേദയ്ക്ക് ഇരട്ട ഗോൾ
മോണ്ടെറെറി : ആദ്യ മത്സരത്തിൽ ഹോളണ്ടിനോട് 2-2ന് സമനിലയിൽ പിരിയേണ്ടിവന്ന ജപ്പാൻ രണ്ടാം മത്സരത്തിൽ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയെ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് തകർത്ത് രണ്ടാം റൗണ്ടിലേക്കുള്ള സാദ്ധ്യതകൾ വർദ്ധിപ്പിച്ചു. ആദ്യ മത്സരത്തിൽ സ്വീഡനോട് 5-1ന് തോറ്റിരുന്ന ടുണീഷ്യ പുറത്താകലും ഉറപ്പിച്ചു.
മുന്നോട്ടുപോകാൻ വിജയിച്ചേ മതിയാകൂ എന്നുറപ്പായിരുന്ന ജപ്പാൻ നാലാം മിനിട്ടിൽതന്നെ ഗോളടി തുടങ്ങി. ഹോളണ്ടിനെതിരെ സമനിലഗോൾ നേടിയിരുന്ന ദെയ്ച്ചി കമാഡയാണ് സ്കോറിംഗ് തുടങ്ങിയത്.31,83 മിനിട്ടുകളിൽ അയാസേ ഉയേദയും 69-ാം മിനിട്ടിൽ ജുനിയ ഇറ്റോയുമാണ് ഏഷ്യൻ കരുത്തർക്ക് വേണ്ടി വലചലിപ്പിച്ചത്. ഒന്നെങ്കിലും തിരിച്ചടിക്കാനുള്ള ടുണീഷ്യൻ ശ്രമങ്ങൾ വിജയം കണ്ടതുമില്ല.
ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ ഓരോ ജയവും സമനിലയുമായി ആറുപോയിന്റായ ജപ്പാൻ ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനത്തായി. ഇത്രതന്നെ പോയിന്റുള്ള ഹോളണ്ട് ഗോൾ മാർജിൻ മികവിൽ ഒന്നാമതാണ്.മൂന്നുപോയിന്റുള്ള സ്വീഡൻ മൂന്നാമതും ഒരുപോയിന്റുമില്ലാത്ത ടുണീഷ്യ നാലാമതുമാണ്. വെള്ളിയാഴ്ച സ്വീഡനുമായാണ് ജപ്പാന്റെ അവസാന മത്സരം. അന്ന് ടുണീഷ്യ ഹോളണ്ടിനെ നേരിടും.
ഗോളുകൾ ഇങ്ങനെ
1-0
4-ാം മിനിട്ട്
ദെയ്ച്ചി കമാഡോ
കെയ്തോ നക്കാമുറ നൽകിയ ക്രോസ് ക്ളോസ് റേഞ്ചിൽ നിന്ന് ഇടം കാലുകൊണ്ട് ദെയ്ച്ചി കമാഡോ വലയിലാക്കുന്നു.
2-0
31-ാം മിനിട്ട്
അയാസേ ഉയേദ
വാട്ടർബ്രേക്കിന് പിന്നാലെകോ ഇതാക്കുറ നൽകിയ പാസ് ബോക്സിന്റെ വലതു ഭാഗത്തുനിന്ന് ഇടതു മൂലയിലേക്കുള്ള വലംകാലനടിയിലൂടെ ഉയേദ വലയ്ക്കകത്താക്കുന്നു.
3-0
69-ാം മിനിട്ട്
ജുനിയ ഇറ്റോ
ഒരു ത്രൂബാൾ അയാസേ ഉയേദ ബോക്സിനുള്ളിൽ നിൽക്കുകയായിരുന്ന ജുനിയ ഇറ്റോയ്ക്ക് എത്തിക്കുന്നു. ഇറ്റോയുടെ വലംകാലനടി വലയിലേക്ക്.
4-0
83-ാം മിനിട്ട്
അയാസേ ഉയേദ
കൈഷു സനോ നൽകിയ ഹൈക്രോസിനെ ബോക്സിനുള്ളിൽ ഉയർന്നുചാടി തലവച്ചാണ് ഉയേദ ടുണീഷ്യയുടെ പെട്ടിയിലെ അവസാന ആണിയുമടിച്ചത്.
1000
ലോകകപ്പിന്റെ ചരിത്രത്തിലെ ആയിരാമത്തെ മത്സരമായിരുന്നു ജപ്പാനും ടുണീഷ്യയും തമ്മിൽ നടന്നത്.
7
തങ്ങളുടെ ഏഴാം ലോകകപ്പിലാണ് ടുണീഷ്യ ആദ്യ റൗണ്ടിൽ പുറത്താകുന്നത്. എട്ടു തവണ പുറത്തായിട്ടുള്ള സ്കോട്ട്‌ലാൻഡ് മാത്രമാണ് ഇക്കാര്യത്തിൽ ടുണീഷ്യയ്ക്ക് മുന്നിലുള്ളൂ.
3 മിനിട്ട് 27 സെക്കൻഡ്
ഒരു ലോകകപ്പ് മത്സരത്തിൽ ഏറ്റവും വേഗത്തിൽ ഗോളടിക്കുന്ന ജപ്പാൻ താരമാണ് ദെയ്ച്ചി കമാഡോ.
3
മത്സരത്തിൽ രണ്ട് ഗോളുകൾ നേടുകയും ഒരു ഗോളിന് അവസരമൊരുക്കുകയും ചെയ്ത അയാസേ ഉയേദ ഒരു ലോകകപ്പ് മത്സരത്തിൽ മൂന്ന് ഗോളുകളിൽ പങ്കാളിയാകുന്ന ആദ്യ ജപ്പാൻ താരമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |