
റോം: തന്റെ നേട്ടങ്ങൾക്കായി വാഷിംഗ്ടണുമായി അടുക്കാൻ ശ്രമിക്കുകയാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ട്രംപിന്റേത് തികച്ചും അനാവശ്യമായ ആരോപണമാണെന്ന് മെലോനി വിമർശിച്ചു.
തന്റെ ജനപ്രീതി മറ്റാരുടെയും സഹായത്തോടെയല്ലെന്നും ഇറ്റലിയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള തന്റെ കഴിവിനെ ആശ്രയിച്ചാണെന്നും മെലോനി വ്യക്തമാക്കി. തന്റെ ജനപ്രീതിയിൽ ആശങ്കപ്പെടുന്നതിനേക്കാൾ ട്രംപ് സ്വന്തം ജനപ്രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്നും അവർ പരിഹസിച്ചു.
ഫ്രാൻസിൽ നടന്ന ജി-7 ഉച്ചകോടിക്കിടെ മെലോനി തനിക്കൊപ്പം ഒരു ചിത്രമെടുക്കാൻ നിരന്തരം ആവശ്യപ്പെട്ടുവെന്ന ട്രംപിന്റെ അവകാശവാദമാണ് ഇരുവരും തമ്മിലുള്ള തർക്കത്തിന് തുടക്കമിട്ടത്. ഇറ്റലിയിൽ മെലോനിയുടെ ജനപ്രീതി ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ആണവായുധ വിഷയത്തിൽ ഇറാനെതിരെയുള്ള സൈനിക നീക്കത്തിൽ അമേരിക്കയെ പിന്തുണയ്ക്കാത്തതാണ് ഇതിന് കാരണമെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇറ്റലിയെ സംരക്ഷിക്കാൻ അമേരിക്ക കോടിക്കണക്കിന് ഡോളർ ചിലവഴിക്കുമ്പോഴും ഇറ്റലിയിലെ റൺവേകളും ലാൻഡിംഗ് സ്ട്രിപ്പുകളും ഉപയോഗിക്കാൻ മെലോനി അനുവാദം നൽകിയില്ലെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ ട്രംപിന്റെ ആരോപണങ്ങളെല്ലാം മെലോനി പാടേ തള്ളി. ഇറ്റലിയിലെ അമേരിക്കൻ സൈനിക താവളങ്ങളുടെ ഉപയോഗം ഇരുരാജ്യങ്ങളും തമ്മിലുള്ള കൃത്യമായ കരാറുകളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രിക്കപ്പെടുന്നതെന്നും, താൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം അതിൽ യാതൊരുവിധ ലംഘനവും അനുവദിക്കില്ലെന്നും മെലോനി ഓർമ്മിപ്പിച്ചു. ഇറ്റലി ഒരു പരമാധികാര രാഷ്ട്രമാണെന്ന് വ്യക്തമാക്കിയ അവർ ട്രംപുമായിട്ടുള്ള സൗഹൃദം കൊണ്ട് തനിക്ക് യാതൊരു രാഷ്ട്രീയ നേട്ടവും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |