SignIn
Kerala Kaumudi Online
Friday, 25 September 2026 3.06 AM IST

ഉടനില്ല ബി.പി.സി.എൽ സ്വകാര്യവത്കരണം

bpcl

 ഓഹരി വിറ്റൊഴിയാനുള്ള തീരുമാനം കേന്ദ്രം റദ്ദാക്കി

ന്യൂഡൽഹി: പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷനെ (ബി.പി.സി.എൽ) സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി കേന്ദ്രസർക്കാർ. ഓഹരി വാങ്ങാൻ നിക്ഷേപകർക്ക് താത്പര്യമില്ലാത്തതിനാൽ നിലവിലെ വില്പനനടപടികൾ റദ്ദാക്കുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി.

ബി.പി.സി.എല്ലിൽ കേന്ദ്രത്തിന് 52.98 ശതമാനം ഓഹരിപങ്കാളിത്തമാണുള്ളത്. ഇതുമുഴുവൻ വിറ്റൊഴിയാനുള്ള താത്പര്യപത്രം 2020 മാർച്ചിൽ ക്ഷണിച്ചിരുന്നു. 2020 നവംബറിനകം ലഭിച്ചത് മൂന്ന് അപേക്ഷകളാണ്. കൊവിഡിൽ ആഗോളതലത്തിൽ സാമ്പത്തികഞെരുക്കം രൂക്ഷമാക്കുകയും ഹരിതോർജത്തിന് പ്രിയമേറുകയും ചെയ്‌ത പശ്ചാത്തലത്തിൽ വൻകിട കമ്പനികൾ താത്പര്യമറിയിക്കാതെ വിട്ടുനിന്നതും കേന്ദ്രത്തിന് ക്ഷീണമായിരുന്നു. റഷ്യ-യുക്രെയിൻ യുദ്ധവും തിരിച്ചടിയായി.

ഈ പശ്ചാത്തലത്തിലാണ് ഓഹരിവില്പന നടപടികൾ റദ്ദാക്കാൻ കേന്ദ്ര മന്ത്രിതല സമിതി തീരുമാനിച്ചത്. സാഹചര്യം അനുകൂലമായാൽ വീണ്ടും താത്പര്യപത്രം ക്ഷണിച്ചേക്കും.

കൈവിട്ട് നിക്ഷേപകർ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ എണ്ണവിതരണ കമ്പനിയായ ബി.പി.സി.എല്ലിന്റെ ഓഹരികൾ വാങ്ങാൻ താത്പര്യപത്രം സമർപ്പിച്ചത് ഖനി വ്യവസായി അനിൽ അഗർവാളിന്റെ വേദാന്ത, അമേരിക്കൻ നിക്ഷേപകസ്ഥാപനങ്ങളായ അപ്പോളോ ഗ്ളോബൽ മാനേജ്‌മെന്റ്, ഐ സ്ക്വയേഡ് കാപ്പിറ്റൽ അഡ്വൈസേഴ്‌സ് എന്നിവയാണ്. വേദാന്തയൊഴികെ മറ്റു രണ്ടുകമ്പനികളും പിന്നീട് പിന്മാറി.

52.98%

ബി.പി.സി.എല്ലിൽ സർക്കാരിനുള്ള 52.98 ശതമാനം ഓഹരികളും വിറ്റൊഴിഞ്ഞ് 45,000-50,000 കോടി രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. മൂന്ന് റിഫൈനറികളാണ് കമ്പനിക്കുള്ളത് (മുംബയ്, കൊച്ചി, ബിന-മദ്ധ്യപ്രദേശ്). 19,000 പെട്രോൾ സ്‌റ്റേഷനുകളും 6,200 എൽ.പി.ജി ഏജൻസികളുമുണ്ട്.

ലാഭം ₹2,131 കോടി

കഴിഞ്ഞവർഷത്തെ നാലാംപാദത്തിൽ (ജനുവരി-മാർച്ച്) ബി.പി.സി.എല്ലിന്റെ ലാഭം 11,904 കോടി രൂപയിൽ നിന്ന് 2,131 കോടി രൂപയായി താഴ്‌ന്നിരുന്നു. പ്രവർത്തനവരുമാനം 25 ശതമാനം മുന്നേറി 1.23 ലക്ഷം കോടി രൂപയായി.

കേന്ദ്രത്തിന് ക്ഷീണം

നടപ്പുവർഷം പൊതുമേഖലാ ഓഹരിവില്പനയിലൂടെ 65,000 കോടി രൂപ നേടുകയാണ് കേന്ദ്രലക്ഷ്യം. എൽ.ഐ.സി ഐ.പി.ഒ വെട്ടിക്കുറയ്ക്കുകയും ബി.പി.സി.എൽ ഓഹരിവില്പന റദ്ദാക്കുകയും ചെയ്‌തതോടെ ഈ ലക്ഷ്യം കാണുക പ്രയാസമായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, BPCL, STAKE SALE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360