
ന്യൂഡൽഹി:രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ സുപ്രധാന നേട്ടമാകുന്ന പരീക്ഷണവുമായി പ്രതിരോധ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). ആളില്ലാ ഡ്രോണിൽ നിന്നും പ്രിസിഷൻ ഗൈഡഡ് മിസൈൽ വിക്ഷേപിച്ചാണ് ഡിആർഡിഒ രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ കരുത്ത് ഒന്നുകൂടി വ്യക്തമാക്കിയത്. ആന്ധ്രാപ്രദേശിലെ കുർണൂലിലെ ഡിആർഡിഒയുടെ ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം.
നൂതനമായ ഗ്രൗണ്ട് കൺട്രോൾ സിസ്റ്റം (ജിസിഎസ്) വഴിയാണ് ഈ പരീക്ഷണം നടത്തിയത്. വിക്ഷേപണവും പ്രവർത്തന സന്നദ്ധതയും ഓട്ടോമേറ്റ് ചെയ്യാൻ ജിസിഎസിലൂടെ സാധിച്ചു. വിവിധ യുദ്ധ സാഹചര്യങ്ങളിൽ മിസൈലിന്റെ കൃത്യമായ പ്രഹരശേഷി, വിശ്വാസ്യത, ഫലപ്രാപ്‌തി എന്നിവ പരീക്ഷണങ്ങളിൽ ശരിയായി തെളിഞ്ഞു.
ഡിആർഡിഒ ലബോറട്ടറീസുമായി ചേർന്ന് റിസർച്ച് സെന്റർ ഇമാറാത്ത് (ആർസിഐ) ആണ് ഈ മിസൈൽ തയ്യാറാക്കിയത്. രാജ്യത്തിനുള്ളിൽ തന്നെ പൂർണമായും നിർമ്മിച്ചതാണിത്. പ്രാദേശികമായ സുരക്ഷയിൽ ഇന്ത്യയുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു ഈ ഡ്രോൺ പരീക്ഷണം.
മിസൈൽ നിർമ്മാണത്തിനായി ഡിആർഡിഒ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ്, അദാനി ഡിഫൻസ് ആൻഡ് എയറോസ്‌പേസ് എന്നീ സ്വകാര്യ കമ്പനികളുമായി സഹകരിച്ചു. ന്യൂസ്‌പേസ് റിസർച്ച് ആൻഡ് ടെക്‌നോളജീസ് തയ്യാറാക്കിയ ഡ്രോണിലാണ് മിസൈൽ പരീക്ഷിച്ചത്. സംവിധാനത്തിന്റെ വിജയകരമായ പരീക്ഷണം നടത്തിയതിന് ഡിആർഡിഒയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.
ടാങ്കുകൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ തുടങ്ങി കരയിലെയും വായുവിലെയും ഭീഷണികളെ കൃത്യമായി തകർക്കുന്ന ഈ പ്രതിരോധ സംവിധാനത്തെ അദ്ദേഹം ആത്മനിർഭർ ഭാരത് പദ്ധതിയിലെ പ്രധാനമായൊരു നാഴികകല്ലായി വിശേഷിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |