
ലോസ് ആഞ്ചലസ് : 97-ാമത് ഓസ്‌കാറിൽ ഗംഭീര നേട്ടം സ്വന്തമാക്കി അമേരിക്കൻ സിനിമ 'അനോറ". മികച്ച ചിത്രമുൾപ്പെടെ 5 പുരസ്‌കാരങ്ങൾ അനോറ വാരിക്കൂട്ടി. അനോറയിലൂടെ മികച്ച സംവിധാനം, തിരക്കഥ, എഡിറ്റിംഗ് പുരസ്കാരങ്ങൾ ഷോൺ ബേക്കർ നേടി. ചിത്രത്തിലെ നായിക മൈക്കി മാഡിസൺ ആണ് മികച്ച നടി. കാൻ ഫിലിംഫെസ്റ്റിൽ മികച്ച ചിത്രത്തിനുള്ള പാം ഡിഓർ പുരസ്കാരം അനോറയ്ക്കായിരുന്നു.
ബ്രാഡി കോർബെറ്റ് സംവിധാനം ചെയ്ത 'ദ ബ്രൂട്ടലിസ്റ്റി"ൽ ഗംഭീര പ്രകടനം കാഴ്ചവച്ച ഏഡ്രിയൻ ബ്രോഡി മികച്ച നടനായി. ഛായഗ്രഹണം, ഒറിജിനൽ സ്കോർ പുരസ്കാരങ്ങളും ബ്രൂട്ടലിസ്റ്റ് സ്വന്തമാക്കി. ഏഡ്രിയൻ രണ്ടാം തവണയാണ് മികച്ച നടനുള്ള ഓസ്കാർ നേടുന്നത്. 2002ൽ 29-ാം വയസിൽ ദ പിയാനിസ്റ്റിലായിരുന്നു ആദ്യ നേട്ടം.
13 നോമിനേഷനുകളുമായി ഓസ്കാർ വേദിയിൽ എത്തിയ ജാക്വസ് ഓഡ്യാർഡിന്റെ സ്പാനിഷ് ചിത്രം എമിലിയ പെരസിന് രണ്ട് പുരസ്കാരം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഒറിജനൽ സോംഗ് വിഭാഗത്തിൽ എമിലിയ പെരസ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ചിത്രത്തിലെ അഭിനയത്തിന് സോയീ സാൽഡാന മികച്ച സഹനടിയായി. ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ നടന്ന ചടങ്ങിൽ ടെലിവിഷൻ അവതാരകനും ഹാസ്യ നടനുമായ കോനൻ ഒബ്രയൻ ആയിരുന്നു അവതാരകൻ.
മറ്റ് പുരസ്കാരങ്ങൾ
കീറൻ കൽകിൻ (സഹനടൻ), പോൾ ടേസ്‌വെൽ (കോസ്റ്റ്യൂം ഡിസൈൻ), ഐ ആം സ്റ്റിൽ ഹിയർ (വിദേശ ഭാഷാ ചിത്രം -ബ്രസീൽ), ഫ്ലോ (ആനിമേറ്റഡ് സിനിമ), നോ അഥർ ലാൻഡ് (ഡോക്യുമെന്ററി ഫീച്ചർ സിനിമ), ഡ്യൂൺ: പാർട്ട് 2 (സൗണ്ട്, വിഷ്വൽ ഇഫക്ട്സ്).
'അനുജ"യ്ക്ക് നിരാശ
ഇന്ത്യൻ പശ്ചാത്തലത്തിൽ ഹിന്ദിയിൽ ഒരുക്കിയ അമേരിക്കൻ ഷോർട്ട് ഫിലിമായ 'അനുജ"യ്ക്ക് നിരാശ. ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിലാണ് ചിത്രം നോമിനേഷൻ നേടിയത്. ഡച്ച് സയൻസ് ഫിക്ഷൻ ഷോർട്ട് ഫിലിമായ 'ഐ ആം നോട്ട് എ റോബോട്ട്" ആണ് ഈ വിഭാഗത്തിലെ വിജയി. ആഡം ജെ. ഗ്രേവ്സ് സംവിധാനം ചെയ്ത അനുജയുടെ നിർമ്മാണം പ്രിയങ്ക ചോപ്ര, ഗുനീത് മോംഗ തുടങ്ങിയവരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |