രാജ്യത്തെ ഏകദേശം എല്ലാ വീടുകളിലും നിത്യവും ഉപയോഗിക്കുന്ന ഒരു പ്രധാന ഭക്ഷ്യവസ്‌തുവാണ് പാൽ. ചായ, കാപ്പി, വിവിധതരം മധുരപലഹാരങ്ങൾ, പനീർ, തൈര് തുടങ്ങി എണ്ണമറ്റ വിഭവങ്ങൾ പാൽ ഉപയോഗിച്ച് തയ്യാറാക്കാറുണ്ട്. എന്നാൽ, നാം ഉപയോഗിക്കുന്നത് യഥാർത്ഥ ഗുണങ്ങളോട് കൂടിയ പാൽ അല്ലെങ്കിലോ? മഹാരാഷ്‌ട്ര എഫ്‌ഡിഎ കമ്മീഷണർ തുക്കാറാം മുണ്ഡെ 'ഫുഡ് ഫാർമർ' എന്ന പോഡ്‌കാസ്റ്റിൽ നൽകിയ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ അത്തരത്തിലുള്ളതാണ്.
പാലിൽ മായം ചേർക്കുന്നതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സിന്തറ്റിക് അല്ലെങ്കിൽ രാസ പാൽ നിർമ്മിക്കാൻ ചിലർ സ്‌കിംഡ് മിൽക്ക് പൗഡർ, രാസവസ്‌തുക്കൾ, എമൽസിഫയറുകൾ, കാസ്റ്റിക് സോഡ, ഷാംപൂ ഉൾപ്പെടെയുള്ള വസ്‌തുക്കൾ ഉപയോഗിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് അദ്ദേഹം പറയുന്നത്.
കൃത്രിമ പാൽ എങ്ങനെയാണ് നിർമ്മിക്കപ്പെടുന്നത്, എന്തുകൊണ്ടാണ് ആളുകൾ ഇതിന് മുതിരുന്നത്, വിതരണ ശൃംഖലയിൽ ഇത് എവിടെയാണ് കടന്നുകൂടുന്നത്, ഇത് തടയാൻ എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടത് എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം വിശദീകരിച്ചു.
മെയ് 25ന് താൻ ചുമതലയേറ്റതിന് ശേഷം സംസ്ഥാനത്ത് പ്രതിദിനം 20ലേറെ പരിശോധനകൾ എഫ്‌ഡിഎ നടത്തുന്നുണ്ടെന്ന് മുണ്ടെ പറഞ്ഞു. ഇതുവരെ 1,131 പരിശോധനകൾ നടത്തിയതിൽനിന്ന് ഏകദേശം 49.57 കോടി രൂപ വിലമതിക്കുന്ന ഭക്ഷ്യവസ്‌തുക്കളും ഏകദേശം 1.6 ലക്ഷം ലിറ്റർ മായം കലർന്ന പാലും പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അന്വേഷണത്തിൽ സിന്തറ്റിക് പാൽ നിർമ്മിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ കണ്ടെത്തിയതായി മുണ്ടെ പറഞ്ഞു. യഥാർത്ഥ പാലിന് പകരം ഉപയോഗിക്കാവുന്ന രീതിയിൽ രൂപവും ഘടനയും മാറ്റിയെടുത്താണ് ഇത്തരം പാൽ നിർമ്മിക്കുന്നതെന്നാണ് കണ്ടെത്തൽ.
സിന്തറ്റിക് പാൽ നിർമ്മിക്കാൻ യഥാർത്ഥ പാലിനെക്കാൾ ചെലവ് കുറവാണെന്ന് മുണ്ടെ പറയുന്നു. പശുവിൻ പാലിന് സമാനമായ പാൽ ഒരു ലിറ്ററിന് ഏകദേശം 15 രൂപയ്‌ക്കും എരുമപ്പാലിന് സമാനമായ പാൽ ഏകദേശം 30 രൂപയ്‌ക്കും നിർമ്മിക്കാനാകുമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി മുണ്ടെ വ്യക്തമാക്കുന്നു. പശുവിൻ പാലിന് സാധാരണയായി ലിറ്ററിന് 50 രൂപവരെ ലഭിക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ ചെലവിൽ നിർമ്മിച്ച സിന്തറ്റിക് പാൽ യഥാർത്ഥ പാലിൽ കലർത്തി വിൽക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
പാലിൽ മായം ചേർക്കുന്ന പ്രവൃത്തി ഒരു ഘട്ടത്തിൽ മാത്രം നടക്കുന്നതല്ലെന്നാണ് മുണ്ടെയുടെ വിശദീകരണം. കർഷകരിൽനിന്ന് പാൽ ശേഖരിക്കുന്ന ഘട്ടംമുതൽ ശേഖരണ കേന്ദ്രങ്ങൾ, ചില്ലിംഗ് സെന്ററുകൾ, ഡയറികൾ എന്നിവിടങ്ങളിൽ നടക്കുന്ന വിവിധ ഘട്ടങ്ങളിലായി മായം ചേർക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി അദ്ദേഹം പറയുന്നു. ഓരോ ഘട്ടത്തിലും പരിശോധന ആവശ്യമാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഓരോ തുള്ളി പാലും എവിടെനിന്നാണ് ലഭിച്ചതെന്ന് കൃത്യമായി അടയാളപ്പെടുത്താൻ കഴിയണമെന്ന് മുണ്ടെ പറയുന്നു. പാൽ ശേഖരണ കേന്ദ്രങ്ങളിൽ കർഷകരുടെ വിവരങ്ങളും അവരുടെ കന്നുകാലികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തുകയും അവ സൂക്ഷിച്ചുവയ്‌ക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് സംശയാസ്‌പദമായ തരത്തിൽ നടക്കുന്ന പാൽ വിതരണം കണ്ടത്താനാകുമെന്ന് മുണ്ടെ പറയുന്നു. ഒരു ഗ്രാമത്തിലെ കർഷകരുടെ എണ്ണം, അവർക്കുള്ള മൃഗങ്ങളുടെ എണ്ണം, സാധാരണ ഉൽപ്പാദിപ്പിക്കാവുന്ന പാലിന്റെ അളവ് എന്നിവ കണക്കാക്കി യഥാർത്ഥ ഉൽപ്പാദനവുമായി താരതമ്യം ചെയ്യാം. പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ പാൽ ശേഖരിക്കുന്നതായി കണ്ടെത്തിയാൽ ഉടൻ അന്വേഷണം നടത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാഷണൽ ഡിജിറ്റൽ ലൈവ്സ്‌റ്റോക്ക് മിഷൻ പദ്ധതിയുടെ ഭാഗമായി മൃഗങ്ങൾക്ക് നൽകുന്ന ഡിജിറ്റൽ ടാഗുകൾ പാൽ ശേഖരണ വിവരങ്ങളുമായി ബന്ധിപ്പിച്ചാൽ കൂടുതൽ കൃത്യമായ പരിശോധന സാധിക്കുമെന്നും മുണ്ടെ വ്യക്തമാക്കി. പാൽ ഉൽപാദനവും ശേഖരണവും സുതാര്യമാക്കാൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കുകയാണ് മഹാരാഷ്‌ട്ര എഫ്‌ടിഎയുടെ ലക്ഷ്യം.
പാലിൽ മായം ചേർക്കൽ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതര വിഷയമായതിനാൽ പരിശോധനയും വിതരണ ശൃംഖലയുടെ സുതാര്യതയും ശക്തമാക്കേണ്ടത് അനിവാര്യമാണെന്ന് വിദഗ്‌ദ്ധരുടെ വിലയിരുത്തൽ.
Maharashtra FDA has exposed an alleged synthetic milk adulteration network involving chemicals and additives. Officials are strengthening inspections, traceability and digital monitoring to prevent milk adulteration.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |