SignIn
Kerala Kaumudi Online
Tuesday, 23 June 2026 2.03 AM IST

മെസിയുടെ ഇരട്ട ഗോളില്‍ അര്‍ജന്റീന; നോക്കൗട്ടിലേക്ക് മുന്നേറി നിലവിലെ ചാമ്പ്യന്‍മാര്‍

READ ENGLISH VERSION
argentina-won

ഡാലസ്: ലോകകപ്പില്‍ റൗണ്ട് ഒഫ് 32 ഉറപ്പിച്ച് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന. ഗ്രൂപ്പ് ജെയില്‍ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആല്‍ബിസെലസ്റ്റുകളുടെ വിജയം. ക്യാപ്റ്റന്‍ ലയണല്‍ മെസിയാണ് രണ്ട് ഗോളുകളും നേടിയത്. 38ാം മിനിറ്റിലും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലുമാണ് മെസിയുടെ ഗോളുകള്‍ പിറന്നത്. ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റി മെസി പാഴാക്കിയില്ലായിരുന്നുവെങ്കില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ഹാട്രിക് പൂര്‍ത്തിയാക്കാമായിരുന്നു.

മത്സരത്തിലെ ആദ്യ ഗോളോടെ തന്നെ ലോകകപ്പിലെ എക്കാലത്തേയും ടോപ് സ്‌കോറര്‍ എന്ന നേട്ടം ജര്‍മനിയുടെ ഇതിഹാസ താരം മിറാസ്ലാവ് ക്ലോസയെ (16) മറികടന്ന് മെസി സ്വന്തമാക്കിയിരുന്നു. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രണ്ടാം ഗോളോടെ ഈ ലോകകപ്പില്‍ തന്റെ ഗോള്‍ നേട്ടം രണ്ട് കളികളില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്താന്‍ മെസിക്കായി. ആറാം ലോകകപ്പ് കളിക്കുന്ന താരത്തിന്റെ ആകെ ഗോളുകളുടെ എണ്ണം 18 ആയി.

മത്സരത്തിന്റെ നാലാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടീനസിനെ ബോക്സിനുള്ളില്‍ ഓസ്ട്രിയന്‍ ഡിഫന്‍ഡര്‍മാര്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. ആദ്യം ഫൗള്‍ വിളിച്ചില്ലെങ്കിലും പിന്നീട് വാര്‍ പരിശോധനയിലാണ് പെനാല്‍റ്റി അനുവദിച്ചത്. എന്നാല്‍ കിക്കെടുത്ത അര്‍ജന്റൈന്‍ നായകന് പിഴയ്ക്കുകയായിരുന്നു. ലോകകപ്പിലെ എക്കാലത്തേയും ടോപ് ഗോള്‍ സ്‌കോറര്‍ എന്ന ജര്‍മനിയുടെ മിറാസ്ലോവ് ക്ലോസയുടെ റെക്കോഡ് മറികടക്കാനുള്ള അവസരമാണ് അവിടെ മെസി പാഴാക്കിയത്. മെസിയുടെ കിക്ക് പോസ്റ്റിന് പുറത്തേക്ക് പോകുകയായിരുന്നു.

പിന്നീട് മറ്റൊരു ഓപ്പണ്‍ ചാന്‍സും മെസി പാഴാക്കി. 31ാം മിനിറ്റില്‍ മറ്റൊരു അവസരം കൂടി മെസിക്ക് ലഭിച്ചു. എന്നാല്‍ ദുര്‍ബലമായ ഷോട്ട് ഓസ്ട്രിയന്‍ ഗോള്‍ കീപ്പര്‍ അലക്സാണ്ടര്‍ ഷ്ളാഗര്‍ തട്ടിയകറ്റുകയായിരുന്നു. മത്സരത്തിന്റെ ആദ്യ 20 മിനിറ്റോളം അര്‍ജന്റീനയെ ചെറുതായൊന്ന് വിറപ്പിക്കാന്‍ ഓസ്ട്രിയക്ക് കഴിഞ്ഞിരുന്നു. നിരന്തരമായ പ്രസിംഗിലൂടെ അര്‍ജന്റീന മുന്നേറ്റങ്ങളുടെ മുനയൊടിക്കാന്‍ ഓസ്ട്രിയക്ക് കഴിഞ്ഞു.

പതിയെ അര്‍ജന്റീന താളം കണ്ടെത്തിയതോടെ പ്രത്യാക്രമണത്തിലേക്ക് ഓസ്ട്രിയ മാറി. എന്നാല്‍ മികച്ച പ്രതിരോധത്തിലൂടെ ഓസ്ട്രിയയെ പിടിച്ചുനിര്‍ത്താന്‍ ക്രിസ്റ്റ്യന്‍ റൊമേറ നയിച്ച പ്രതിരോധ നിരയ്ക്ക് കഴിഞ്ഞു. ജോര്‍ദാനെതിരെയാണ് അര്‍ജന്റീനയുടെ അവസാന ഗ്രൂപ്പ് മത്സരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, , ARGENTINA, AUSTRIA, LIONEL MESSI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360