അറ്റ്‌ലാന്റ: ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ ഏറ്റുമുട്ടാനൊരുങ്ങുകയാണ് അര്‍ജന്റീനയും ഇംഗ്ലണ്ടും. ലോകചാമ്പ്യന്‍മാരായ അര്‍ജന്റീനയും ഹെവിവെയ്റ്റുകളായ ഇംഗ്ലണ്ടും അറ്റ്‌ലാന്റയില്‍ പോരിനിറങ്ങുമ്പോള്‍ ആവേശം വാനോളം ഉയരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലോകകപ്പില്‍ എപ്പോഴൊക്കെ നേര്‍ക്കുനേര്‍ വന്നിട്ടുണ്ടോ അപ്പോഴെല്ലാം അത് ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട് എന്നതാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുമ്പോഴുള്ള മറ്റൊരു സവിശേഷത.
ലോകകപ്പിലെ നേര്‍ക്കുനേര്‍ പോരിന്റെ കാര്യം പരിശോധിച്ചാല്‍ നേരിയ മേല്‍ക്കൈ ഇംഗ്ലണ്ടിനാണ്. അഞ്ച് തവണ പരസ്പരം പോരടിച്ചപ്പോള്‍ മൂന്ന് തവണ ഇംഗ്ലണ്ടും രണ്ട് തവണ അര്‍ജന്റീനയും വിജയിച്ചു. 1962ല്‍ ഗ്രൂപ്പ് സ്റ്റേജില്‍ ആദ്യമായി ഏറ്റുമുട്ടിയപ്പോള്‍ 3-1ന് ഇംഗ്ലണ്ട് വിജയിച്ചു. 1966ല്‍ ഇംഗ്ലണ്ട് ജേതാക്കളായ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ത്രീ ലയണ്‍സിന്റെ വിജയം. പിന്നീട് നടന്ന ഏറ്റുമുട്ടല്‍ 1986ലെ ക്വാര്‍ട്ടര്‍ഫൈനലില്‍ ആയിരുന്നു. വിഖ്യാതമായ 'ദൈവത്തിന്റെ കൈ' അര്‍ജന്റീനയ്ക്ക് 2-1ന് ജയം സമ്മാനിച്ചു.
12 വര്‍ഷങ്ങള്‍ക്ക് ശേഷം 1998ലെ ഫ്രാന്‍സ് ലോകകപ്പിലാണ് പിന്നീട് ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയത്. അന്ന് പ്രീ ക്വാര്‍ട്ടറില്‍ അധികസമയത്തേക്ക് നീണ്ട മത്സരം 2-2ന് സമനിലയിലായി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറില്‍ അര്‍ജന്റീന വിജയിക്കുകയും ഇംഗ്ലണ്ട് പുറത്താകുകയും ചെയ്തു. മത്സരത്തില്‍ ഇംഗ്ലീഷ് സൂപ്പര്‍താരം ഡേവിഡ് ബെക്കാമിന് ചുവപ്പ് കാര്‍ഡും കിട്ടിയിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കീരീട സാദ്ധ്യതയില്‍ മുന്‍പന്തിയിലുള്ള അര്‍ജന്റീനയെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നതിലേക്ക് നയിച്ചത് ഇംഗ്ലണ്ടിനോടുള്ള തോല്‍വിയായിരുന്നു.
സ്വീഡനും, നൈജീരിയയും ഇംഗ്ലണ്ടും അര്‍ജന്റീനയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയും ഉള്‍പ്പെടെ നാല് പോയിന്റ് ഉണ്ടായിരുന്നുവെങ്കിലും മൂന്നാം സ്ഥാനത്തായത് കാരണം ആല്‍ബിസെലസ്റ്റുകള്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. ഇംഗ്ലണ്ടിനോട് ഒരു സമനില മാത്രം മതിയായിരുന്നു അര്‍ജന്റീനയക്ക് പ്രീക്വാര്‍ട്ടറിലെത്താന്‍. എന്നാല്‍ പൊച്ചെട്ടീനോയുടെ ഫൗള്‍ ഇംഗ്ലണ്ടിന് അനുകൂലമായ പെനാല്‍റ്റിയിലേക്ക് എത്തി. കിക്കെടുത്ത നായകന്‍ ഡേവിഡ് ബെക്കാമിന് പിഴച്ചില്ല. ആ ഒരു ഗോളിന്റെ ബലത്തില്‍ ഇംഗ്ലണ്ട് വിജയിച്ചു. അര്‍ജന്റീന നാട്ടിലേക്ക് മടങ്ങി.
24 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും ലോകകപ്പില്‍ ഏറ്റുമുട്ടുന്നു. അര്‍ജന്റീനയുടെ നായകന്‍ മെസിയുടെ ഉറ്റ സുഹൃത്താണ് ഡേവിഡ് ബെക്കാം. ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മിയാമിയുടെ താരമാണ് മെസി. മെസിക്കെതിരെ വിമര്‍ശനമുയരുന്ന ഘട്ടങ്ങളിലെല്ലാം അദ്ദേഹത്തെ പിന്തുണച്ച് ബെക്കാം രംഗത്ത് വരാറുണ്ട്. ഇപ്പോഴിതാ സ്വന്തം രാജ്യത്തിനെതിരെ മെസിയുടെ അര്‍ജന്റീന ലോകകപ്പ് സെമിക്ക് ഒരുങ്ങുമ്പോള്‍ ആരാധകര്‍ ചോദിക്കുകയാണ് ഉറ്റ സുഹൃത്തോ അതോ സ്വന്തം രാജ്യമോ? സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ ഈ ചോദ്യം വൈറലുമാണ്.
lionel messi david beckham friendship and there countries face off in world cup history
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |