റിയോ ഡി ജനീറോ: 30 സെക്കന്റിനുള്ളിൽ 195 ചുംബനങ്ങളെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ബ്രസീലിയൻ ദമ്പതികൾ. റെനാറ്റോ ആൽവാസ് എന്ന യുവാവും കാമുകിയായ നയാര റോബർട്ട റിബെയ്‌റോ ഡി മറിൻസുമാണ് തങ്ങളുടെ പ്രണയത്തെ ലോകറെക്കോർഡാക്കി മാറ്റിയത്. ജൂലായ് 6ന് അന്താരാഷ്‌ട്ര ചുംബനദിനത്തിന് പിന്നാലെയാണ് ഇരുവരുടെയും ഈ നേട്ടം ലോകശ്രദ്ധ നേടിയത്.
പരസ്‌പരമുള്ള ശക്തമായ സ്‌നേഹമാണ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാൻ തങ്ങൾക്ക് പ്രചോദനമായതെന്ന് കമിതാക്കൾ പറയുന്നു. 'ഞങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ച ദമ്പതികളെന്ന വിശ്വാസമാണ് ഈ റെക്കോർഡ് സ്വന്തമാക്കാനുള്ള ശ്രമത്തിലേക്ക് നയിച്ചത്. എന്റെ പേരിനൊപ്പം നയാരയുടെ പേരും ഗിന്നസ് റെക്കോർഡ് പുസ്‌തകത്തിൽ രേഖപ്പെടുത്തണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു'- റെനാറ്റോ പറഞ്ഞു.
32 കാരനായ റെനാറ്റോയെ സംബന്ധിച്ച് ലോകറെക്കോർഡുകൾ പുതിയ കാര്യമല്ല. ഇതിന് മുൻപും നിരവധി ഗിന്നസ് വേൾഡ് റെക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പത്ത് പുസ്‌തകങ്ങൾ ഏറ്റവും വേഗത്തിൽ അടുക്കിവച്ച് മറിച്ചിടലിനും അദ്ദേഹം ലോക റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്.
തായ്‌ക്വോണ്ടോയിൽ ബ്ലാക്ക് ബെൽറ്റുകാരനായ റെനാറ്റോ സ്വയം വിശേഷിപ്പിക്കുന്നത് 'വിജയത്തിന്റെ ലഹരിയുള്ള മനുഷ്യൻ' എന്നാണ്. ഈ പുതിയ നേട്ടത്തോടെ ഏറ്റവും കൂടുതൽ ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയ ബ്രസീലിയനെന്ന വിശേഷണവും തനിക്കായെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
തന്റെ പ്രിയപ്പെട്ട ഫൂട്ബോൾ ക്ലബായ സാവോ ജോസെ ഇ സിയുടെ ജഴ്‌സി ധരിച്ചാണ് റെക്കോർഡ് ശ്രമത്തിൽ പങ്കെടുത്തത്. അടുത്തതായി ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ചുംബനങ്ങൾ നൽകുന്ന പ്രണയജോഡികളെന്ന റെക്കോർഡ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇരുവരും. നിലവിൽ ജാപ്പനീസ് ദമ്പതികളുടെ പേരിലാണ് ഈ നേട്ടം അടയാളപ്പെടുത്തിയിരിക്കുന്നത്.
താനൊരു ബോൺമാരോ ദാതാവാണെന്നും എഡിഎച്ച്‌ഡി എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നയാളാണെന്നും റെനാറ്റോ പറയുന്നു. എഡിഎച്ച്‌ഡി ഉള്ളവർക്കും അവരാഗ്രഹിക്കുന്ന ഏത് ലക്ഷ്യവും നേടാൻ കഴിയുമെന്ന് തെളിയിക്കാനാണ് താൻ നിരന്തരമായി ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |