കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നോർവയെ 2-1ന് കീഴടക്കി സെമിഫൈനലിലേക്ക് മുന്നേറിയെങ്കിലും ഇംഗ്ലണ്ടിന്റെ പ്രകടനത്തിൽ തൃപ്‌തനല്ലെന്ന് ടീമിന്റെ മാനേജർ തോമസ് ടൂഹൽ. ഇംഗ്ലണ്ട് ഭാഗ്യത്തിന്റെ പിന്തുണയോടെയാണ് വിജയത്തിലെത്തിയതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
മത്സരത്തിൽ ആദ്യ ലീഡ് നേടിയത് നോർവെയായിരുന്നു. 36-ാം മിനിറ്റിൽ ആൻഡ്രിയാസ് ഷെൽഡെറപ്പ് വലകുലുക്കിയതോടെ ഇംഗ്ലണ്ട് സമ്മർദത്തിലായി. എന്നാൽ, ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ജൂഡ് ബെല്ലിംഗ്‌ഹാം ഗോൾ സമനിലനേടി ടീമിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. തുടർന്ന് അധികസമയത്തിന്റെ ആദ്യ പകുതിയിൽ (93-ാം മിനിറ്റിൽ) ബെല്ലിംഗ്‌ഹാം വീണ്ടും ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് സെമി ടിക്കറ്റ് ഉറപ്പിച്ചു. എന്നാൽ, വിജയത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ച ടൂഹൽ ടീമിന്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ചു.
'ഇന്നത്തെ വിജയത്തിൽ ഒരു തരത്തിലും സന്തോഷമില്ല. ഒരു മേഖലയിലും ഞങ്ങൾ പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ല. ഇന്ന് ഭാഗ്യം കൂടെയുണ്ടായിരുന്നതുകൊണ്ടാണ് ജയിക്കാനായത്'- ടൂഹൽ പറഞ്ഞു.
മത്സരത്തിന്റെ പല ഘട്ടങ്ങളിലും കളിയുടെ നിയന്ത്രണം ഇംഗ്ലണ്ടിന് നഷ്‌ടമായി. എന്നാൽ, എട്ട് ഷോട്ടുകൾ മാത്രം ലക്ഷ്യത്തിലേക്ക് തൊടുത്ത ഇംഗ്ലണ്ട്, നാല് ഷോട്ടുകൾ മാത്രം ലക്ഷ്യത്തിലേക്ക് എത്തിച്ച നോർവെയെ ആക്രമണത്തിൽ മറികടന്നു. മൂന്ന് മികച്ച ഗോൾ അവസരങ്ങൾ ഇംഗ്ലണ്ടിന് ലഭിച്ചപ്പോൾ നോർവേയ്ക്ക് മികച്ച ഒരൊറ്റ അവസരമാണ് ലഭിച്ചത്. അതേസമയം ടീമിന്റെ വിജയശിൽപിയായ ജൂഡ് ബെല്ലിംഗ്‌ഹാമിനെ വാനോളം പ്രശംസിക്കാനും ചൂഹൽ മറന്നില്ല. ജൂഡ് ബെല്ലിംഗ്‌ഹാം ലോകോത്തര താരമാണെന്നും എല്ലാ കളികളിലും അദ്ദേഹം ഇതേ മികവ് പുലർത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റയൽ മാഡ്രിഡ് താരമായ ബെല്ലിംഗ്‌ഹാം പ്രക്വാർട്ടറിലും തിളങ്ങിയിരുന്നു. മെക്‌സിക്കോയ്‌ക്ക് എതിരായ 3-2 വിജയത്തിൽ ഇരട്ടഗോൾ നേടിയ താരം ഈ ലോകകപ്പിൽ ആറ് മത്സരങ്ങളിൽനിന്ന് ആറ് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി മികച്ച ഫോമിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |