SignIn
Kerala Kaumudi Online
Friday, 12 June 2026 3.15 AM IST

ഇറാനെ കളിപ്പിക്കുന്നതിൽ അമേരിക്കയിൽ പ്രതിഷേധം

iran-america

ലോസാഞ്ചലസ് : ഇറാൻ ടീമിനെ അമേരിക്കയിൽ നടക്കുന്ന ലോകകപ്പിൽ കളിപ്പിക്കുന്നതിൽ ലോസാഞ്ചലസിൽ പ്രതിഷേധ പ്രകടനം. ഇറാനിൽ വ്യാപകമായ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ആ രാജ്യത്തെ ലോകകപ്പിൽ കളിക്കാൻ അനുവദിക്കുന്നതിലൂടെ ഫിഫ വെള്ള പൂശുകയാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ഇറാനിൽ ശിക്ഷ നേരിടേണ്ടിവന്ന കായികതാരങ്ങൾ ഉൾപ്പടെയുള്ളവരുടെ പോസ്റ്ററുകളും ഉയർത്തിയായിരുന്നു പ്രതിഷേധം. രാഷ്ട്രീയ കാണങ്ങളാൽ ഇറാൻ വിട്ട് അമേരിക്കയിലേക്ക് കുടിയേറേണ്ടിവന്നവരാണ് പ്രതിഷേധത്തിന് മുന്നിൽ നിന്നത്.

ഇറാനും അമേരിക്കയും തമ്മിൽ പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇറാൻ ലോകകപ്പിൽ കളിക്കാൻ അമേരിക്കയിലെത്തുന്നത്. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് തമ്മിൽ യുദ്ധമുഖത്തുള്ള രണ്ട് രാജ്യങ്ങളിലൊന്ന് എതിർരാജ്യത്തെ തങ്ങളുടെ നാട്ടിൽ കളിക്കാൻ അനുവദിക്കുന്നത്. ആദ്യം അമേരിക്കയിലേക്ക് വരാൻ ഇറാനും ഇറാനെ കളിപ്പിക്കാൻ അമേരിക്കയും തയ്യാറായിരുന്നില്ല. എന്നാൽ ജീവനിൽ കൊതിയുണ്ടെങ്കിൽ ഇറാൻ ടീം ലോകകപ്പിനായി വരാതിരിക്കുകയാണ് നല്ലതെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പരിഹസിച്ചതോടെ തങ്ങൾ യോഗ്യതാ റൗണ്ട് വിജയിച്ചവരാണെന്നും പങ്കെടുക്കുന്ന ടീമുകൾക്ക് സുരക്ഷ നൽകാനാവില്ലെങ്കിൽ അമേരിക്കയിൽ നിന്നും വേദി മാറ്റണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഇതോടെ സമ്മർദ്ദത്തിലായ ഫിഫ നിരവധി ചർച്ചകൾ നടത്തിയാണ് ഇറാനെ കളിക്കാൻ അനുവദിക്കുന്നതിലേക്ക് എത്തിച്ചത്.

ചൊവ്വാഴ്ച ലോസാഞ്ചലസിലാണ് ഇറാനും ന്യൂസിലാൻഡും തമ്മിലുള്ള ആദ്യ മത്സരം. പ്രതിഷേധപശ്ചാത്തലത്തിൽ നഗരത്തിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ ടീമിന്റെ ബേസ് ക്യാമ്പ് മെക്സിക്കോയിലാണ് ഇറാൻ വച്ചിരിക്കുന്നത്. മത്സരദിവസങ്ങളിൽ അമേരിക്കയിലെത്തി കളി കഴിഞ്ഞ് മടങ്ങുന്ന രീതിയിലാണ് വിസ ക്രമീകരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FIFA WORLD CUP 2026, FIFA WORLD CUP, , FOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360