SignIn
Kerala Kaumudi Online
Friday, 12 June 2026 4.11 AM IST

ചെക്ക് മടക്കാൻ കൊറിയ

worldcup

ലോകകപ്പ് ഫുട്ബാളിൽ ദക്ഷിണ കൊറിയയ്ക്ക് ഇന്ന് ആദ്യ മത്സരം, എതിരാളികൾ ചെക്ക് റിപ്പബ്ളിക്

വാഡലഹാര : ലോകകപ്പിന്റെ 23-ാം പതിപ്പിലെ ഏഷ്യൻ അരങ്ങേറ്റത്തിന് കച്ചമുറുക്കി ദക്ഷിണ കൊറിയ. ഗ്രൂപ്പ് എ മത്സരത്തിൽ എതിരാളികളാവുന്നത് ചെക് റിപ്പബ്ളിക്. മത്സരവേദി ​​​​​​മെക്സിക്കൻ നഗരമായ സസോപനിലെ ​വാഡലഹാര സ്റ്റേഡിയം. കിക്കോഫ് ഇന്ത്യൻ സമയം ഇന്ന് രാവിലെ 7.30ന് .

ഏറ്റവും കൂടുതൽ ലോകകപ്പുകൾ കളിച്ചിട്ടുള്ള ഏഷ്യൻ രാജ്യമാണ് കൊറിയ. 1986 മുതൽ ഇങ്ങോട്ടുള്ള 10 ലോകകപ്പുകളിലും പങ്കാളികളായ അവർ സഹആതിഥ്യം വഹിച്ച 2002 ലോകകപ്പിന്റെ സെമിഫൈനലിൽ എത്തിയതാണ് വലിയ നേട്ടം. 2018 ലോകകപ്പിൽ ഗ്രൂപ്പ് റൗണ്ടിൽ നിലവിലെ ചാമ്പ്യന്മാരായ ജർമ്മനിയെ 2-0ത്തിന് അട്ടിമറിച്ച ചരിത്രമുള്ള കൊറിയക്കാർ 2010ലും 2022ലും പ്രീ ക്വാർട്ടർവരെയെത്തിയവരാണ്. ഖത്തറിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ പോർച്ചുഗൽ ,ഉറുഗ്വേ,ഘാന എന്നിവരടങ്ങിയ ഗ്രൂപ്പിൽ നിന്നാണ് പ്രീ ക്വാർട്ടറിലേക്കെത്തിയത്.

ഹോംഗ് മിംഗ് ബോ പരിശീലിപ്പിക്കുന്ന കൊറിയൻ ടീം വ്യക്തിഗത ആക്രമണങ്ങളിലൂടെ ആഞ്ഞടിക്കുന്ന ശൈലിയാണ് പിന്തുടരുന്നത്. 3-4-3 ഫോർമേഷനിൽ മിഡ്ഫീൽഡിൽ കളിമെനഞ്ഞ് മുന്നേറുന്ന ടീമിന്റെ കുന്തമുന സൺ ഹ്യൂം മിന്നാണ്. ഇംഗ്ളീഷ് പ്രിമിയർ ലീഗിലെ സൂപ്പർ ക്ളബ് ടോട്ടൻഹാമിന്റെ താരമായിരുന്ന 33കാരനായ സണ്ണിന്റെ അവസാന ലോകകപ്പായേക്കാം ഇത്.സണ്ണാണ് കൊറിയൻ നായകനും. അമേരിക്കൻ ക്ളബ് ലോസാഞ്ചലസ് എഫ്.സിയിലാണ് സൺ ഇപ്പോൾ കളിക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ പാരീസ് എസ്.ജിയുടെ താരം ലീ കാംഗ് ഇന്നും കൊറിയൻനിരയിലുണ്ട്.

ലോകകപ്പിന്റെ ഏഷ്യൻ യോഗ്യതാ റൗണ്ടിൽ തുടർച്ചയായ 16 മത്സരങ്ങളിൽ തോൽവി അറിയാതെ വന്ന ടീമാണ് ദക്ഷിണ കൊറിയ. എട്ട് ഗോളുകൾ മാത്രമാണ് അവർ ഈ മത്സരങ്ങളിൽ വഴങ്ങിയത്. മറുവശത്ത് യൂറോപ്യൻ മേഖലയിൽ കനത്ത വെല്ലുവിളികൾ നേരിട്ട് പ്ളേ ഓഫിലൂടെ എത്തിയവരാണ് ചെക്ക് റിപ്പബ്ളിക്കുകാർ. ഗ്രൂപ്പ് റൗണ്ടിൽ ക്രൊയേഷ്യയ്ക്ക് പിന്നിൽ രണ്ടാമതായിപ്പോയ ചെക്കുകാർ പ്ളേ ഓഫിൽ ഡെന്മാർക്കിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് ലോകകപ്പിന് ടിക്കറ്റെടുത്തത്.2006ന് ശേഷം ആദ്യമായാണ് ചെക്കുകാർക്ക് ലോകകപ്പിൽ കളിക്കാൻ അവസരം ലഭിക്കുന്നത്.

തീർത്തും വ്യത്യസ്തമായ കേളീശൈലികളുടെ ഏറ്റുമുട്ടലാകും ഇന്ന് വാഡലഹാരയിൽ നടക്കുക. മദ്ധ്യനിരയിൽ ശക്തികേന്ദ്രീകരിച്ച് പെട്ടെന്ന് ആക്രമണങ്ങൾ നടത്തുകയാണ് ചെക്കുകാരുടെ രീതി. 3-4-2-1 ഫോർമേഷനിലാണ് യോഗ്യതാ റൗണ്ടിലെ അവസാന ഘട്ടങ്ങളിൽ കോച്ച് മിറോസ്ളാവ് കൗബെക്ക് ടീമിനെ വിന്യസിച്ചത്. പാട്രിക്ക് ഷിക്ക്, തോമസ് കോറി എന്നിവരാണ്ആക്രമണത്തിന്റെ കുന്തമുനകൾ. സെറ്റ്പീസുകൾ പ്രയോജനപ്പെടുത്താനുളള ചെക്കിന്റെ മികവ് കൊറിയൻ പ്രതിരോധത്തിന് കനത്ത വെല്ലുവിളിയാകും.

ചെക് റിപ്പബ്ലിക് Vs ദക്ഷിണ കൊറിയ

ചെക് റിപ്പബ്ലിക്

ഫിഫ റാങ്കിംഗ് : 39

ക്യാപ്ടൻ : ലാദിസ്ളാവ് ക്രേസി

കോച്ച് : മിറോസ്ളാവ് കൗബെക്ക്

പ്രധാന താരങ്ങൾ : പാട്രിക്ക് ഷിക്ക്, തോമസ് കോറി,തോമസ് സുസേക്ക്,വ്ളാഡിമർ കൗഫെൽ,ആദം ഹ്ളോസെക്ക്.

ദക്ഷിണ കൊറിയ

ഫിഫ റാങ്കിംഗ് : 25

ക്യാപ്ടൻ : സൺ ഹ്യൂം മിൻ

കോച്ച് : ഹോംഗ് മിംഗ് ബോ

പ്രധാന താരങ്ങൾ :സൺ ഹ്യൂം മിൻ, കിം മിൻ ജേ,ലീ കാംഗ് ഇൻ,വാംഗ് ഹീ ചാൻ,ലീ ജേ സുംഗ്,ഓ ഹ്യുയേംഗ് ഗ്യു.

നേർക്ക് നേർ

3-1-1-1

ഇരു ടീമുകളും മൂന്ന് തവണ ഏറ്റുമുട്ടിയപ്പോൾ ഓരോ ജയം, തോൽവി,സമനില

1998ലെ സൗഹൃദ മത്സരത്തിൽ 2-2ന് സമനില

2001ലെ സൗഹൃദ മത്സരത്തിൽ 5-0ത്തിന് ചെക്ക് ജയം

2016ലെ സൗഹൃദ മത്സരത്തിൽ 2-1ന് കൊറിയൻ ജയം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FIFA WORLD CUP 2026, FIFA WORLD CUP, , FIFA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360