
ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന് മെക്സിക്കോയിൽ തുടക്കം
മെക്സിക്കോ സിറ്റി : ഗോളുകൾക്ക് പിന്നാലെയുള്ള ആഗോള പാച്ചിലിന് കിക്കോഫ്. ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന്റെ 23-ാമത് എഡിഷന് ഇന്നലെ മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ ആദ്യ വിസിൽ മുഴങ്ങിയതോടെ ആരാധക ഹൃദയങ്ങളിൽ ഹർഷാരവങ്ങൾ. ഇനിയുള്ള 39 നാളുകൾ ട്രയോണ്ടയെന്ന പന്ത് ലോകം വാഴും.
സഹആതിഥേയരായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ ആദ്യ പോരാട്ടത്തിന് കളത്തിലേക്കിറങ്ങും മുമ്പ് വർണാഭമായ ഉദ്ഘാടനച്ചടങ്ങിനാണ് ആസ്റ്റടെക് സ്റ്റേഡിയമെന്ന് അറിയപ്പെട്ടിരുന്ന മെക്സിക്കോ സിറ്റി സ്റ്റേഡിയം സാക്ഷിയായത്. 1970ൽ സാക്ഷാൽ പെലെയും 86ൽ ഡീഗോ മറഡോണയും ലോകകപ്പുയർത്തിയ ഈ മൈതാനം മൂന്ന് ലോകകപ്പുകൾക്ക് വേദിയാകുന്ന ആദ്യ സ്റ്റേഡിയമെന്ന ചരിത്രവും കുറിച്ചു.
ഇന്ത്യൻ സമയം രാത്രി 11മണിയോടെ തുടങ്ങിയ ഉദ്ഘാടനച്ചടങ്ങിന്റെ തീം മെക്‌സിക്കൻ പരമ്പരാഗത കലാരൂപമായ ‘പാപ്പെൽ പിക്കാഡോ’യായിരുന്നു. നിറങ്ങൾ ചാർത്തിയ ടിഷ്യു കടലാസുകളിൽ തീർക്കുന്ന വൈവിധ്യമാർന്ന ഡിസൈനുകളിലൂടെ മെക്സിക്കോ തങ്ങളുടെ പാരമ്പര്യത്തിന്റെ തിരുവശേഷിപ്പുകൾ പ്രദർശിപ്പിച്ചപ്പോൾ ലോകകപ്പ് ഗാനമായ ‘ഡായ്, ഡായ് "യുമായി വിഖ്യാത കൊളംബിയൻ ഗായിക ഷാക്കിറയും നൈജീരിയൻ ഗായകൻ ബർണാ ബോയുമെത്തി.അലക്സാണ്ട്രോ ഫെർണാണ്ടസ്, ടെയ്‌ലാ, ബെലിൻഡ, ഡാനി ഓഷ്യൻ, ജെ. ബാൽവിൻ, ലിലാ ഡൗൺസ്, ലോസ് ആഞ്ജലിസ് അസ്യൂൾസ്, മാന എന്നീ സംഗീതജ്ഞരും ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |