SignIn
Kerala Kaumudi Online
Monday, 06 July 2026 8.37 AM IST

'എല്ലാം അവസാനിച്ചിരിക്കുന്നു', ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് നെയ്‌മർ

neymar-jr-annonced-retire
നെയ്‌മർ മത്സരശേഷം

ന്യൂജഴ്‌സി: രണ്ടര പതിറ്റാണ്ടോളം നീണ്ട രാജ്യത്തിന്റെ കാത്തിരിപ്പ് ഇത്തവണയും ഫലപ്രാപ്‌തിയിലെത്തിയില്ല. പ്രീക്വാർട്ടർ പോരാട്ടത്തിൽ നോർവെയോട് തോറ്റ് ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്തായി. പിന്നാലെ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെയ്‌മർ. ഒന്നരപതിറ്റാണ്ടിലേറെ നീണ്ട അന്താരാഷ്‌ട്ര കരിയറിൽ തുടക്കം കുറിച്ചയിടത്ത് തന്നെ നെയ്‌മർ ജൂനിയർ തന്റെ അവസാന മത്സരവും കളിച്ചു. നോ‌ർവെയ്‌ക്കെതിരായ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ പെനാൽട്ടിയിലൂടെ ഈ ലോകകപ്പിൽ തന്റെ ഏക ഗോൾ നേടിയ ശേഷമാണ് നെയ്‌മറുടെ പെട്ടെന്നുള്ള പടിയിറക്കം.

'ഞാൻ ശ്രമിച്ചു, ഞാൻ ശ്രമിച്ചുനോക്കി, മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് എല്ലാം തുടങ്ങിയത്. ഇവിടെവച്ച് എല്ലാം അവസാനിച്ചിരിക്കുന്നു. എല്ലാം കഴിഞ്ഞു'- മത്സരശേഷം മാദ്ധ്യമപ്രവർത്തകരോട് നെയ്‌മർ പറഞ്ഞു. ബ്രസീൽ പുറത്തായതോടെ പൊട്ടിക്കരഞ്ഞശേഷമാണ് നെയ്‌മർ ഗ്രൗണ്ട് വിട്ടത്. നോർവെയോട് 2-1ന് തോറ്റതോടെ ലോകകപ്പിൽ യൂറോപ്യൻരാജ്യങ്ങൾക്കെതിരെ 24 വർഷത്തിനിടെ വിജയിച്ചിട്ടില്ല എന്ന നാണക്കേട് ബ്രസീൽ വീണ്ടും തുടരുകയാണ്. 2002ൽ ജർമ്മനിയെ തോൽപ്പിച്ച് ചാമ്പ്യന്മാരായതാണ് അവസാനമായുള്ള അവരുടെ വിജയം.

2010ൽ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാരംഭിച്ച ദീർഘമായ കരിയറിൽ നെയ്‌മർ ഡ സിൽവ സാന്റോസ് ജൂനിയർ എന്ന 34കാരനായ നെയ്‌മർ 129 മത്സരങ്ങളിൽ നിന്നായി 80 ഗോളുകൾ നേടി. പരിക്ക് ഏറെ അലട്ടിയ നെയ്‌മറിന് ലോകകപ്പിൽ ആദ്യമത്സരങ്ങൾ നഷ്‌ടമായിരുന്നു. സ്‌കോട്‌ലണ്ടിനെതിരെ രണ്ടാം പകുതിയിൽ പകരക്കാരനായാണ് താരം ഇറങ്ങിയത്. നോർവെയ്‌ക്കെതിരെയും രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങി ടീമിനുവേണ്ടി ഗോൾ നേടി. 2023 ഒക്‌ടോബറിൽ പരിക്കേറ്റശേഷം ഈ ലോകകപ്പിലാണ് ബ്രസീലിന് വേണ്ടി നെയ്‌മർ പിന്നീട്‌ കളിച്ചത്. ലോകകപ്പ് എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാതെ വിതുമ്പിയാണ് നെയ്‌മറുടെ മടക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEYMAR JR, RETIREMENT, DEFEAT, BRAZIL VS NORWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360