
മെക്സിക്കോ സിറ്റി: തിരമാലപോലെ അലയടിച്ചുയർന്ന ജനസഹസ്രങ്ങളുടെ കണ്ഠനാളങ്ങളിൽ നിന്ന് ഉയിരാർന്ന ആരവങ്ങളാൽ മെക്സിക്കോ സിറ്റിയിലെ ആസ്റ്റെക് മൈതാനം ത്രസിച്ചുനിന്നു. ലേസർ പ്രഭാവലയങ്ങൾ ആകാശകോട്ടകെട്ടി. അതിനും മേലെ 1970ൽ ഇറ്റലിയെത്തോൽപ്പിച്ചുനേടിയ ലോകകപ്പുമേന്തി ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ ഒരു ചെറുപുഞ്ചിരിയോടെ സാക്ഷാൽ പെലെ. അരികിൽ അർജന്റീനയുടെ നീലവരയൻ കുപ്പായത്തിൽ ഡീഗോ മറഡോണ.
1986 ലോകകപ്പിന്റെ ഫൈനലിൽ പശ്ചിമ ജർമ്മനിയുടെ നെഞ്ചത്തേക്ക് നിറയൊഴിച്ച 'ദൈവത്തിന്റെ കൈ"യിലും കിരീടത്തിളക്കം. ഡീഗോ നൂറ്റാണ്ടിന്റെ ഗോളായി ഒന്നുകൂടി കുറിച്ചിട്ടത് ഈ വേദിയിലായിരുന്നല്ലോ...
ഇതിഹാസങ്ങൾ ലോകകപ്പ് നേട്ടത്തിന്റെ ചരിത്രമെഴുതിയ വേദി ഇപ്പോൾ അറിയപ്പെടുന്നത് മെക്സിക്കോ സിറ്റി സ്റ്റേഡിയമെന്നാണ്. 23-ാമത് ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങുകൾക്ക് വേദിയായതോടെ, മൂന്ന് ലോകകപ്പുകൾക്ക് വേദിയാകുന്ന ആദ്യ സ്റ്റേഡിയമെന്ന ഖ്യാതിയും ഇവിടം സ്വന്തമാക്കി.
ഇന്ത്യൻ സമയം രാത്രി 11ഓടെ തുടങ്ങിയ ഉദ്ഘാടനച്ചടങ്ങിന്റെ തീം, മെക്‌സിക്കൻ പരമ്പരാഗത കലാരൂപമായ ‘പാപ്പെൽ പിക്കാഡോ’യായിരുന്നു. നിറങ്ങൾ ചാർത്തിയ ടിഷ്യു കടലാസുകളിൽ തീർക്കുന്ന വൈവിദ്ധ്യമാർന്ന ഡിസൈനുകളിലൂടെ മെക്സിക്കോ തങ്ങളുടെ പാരമ്പര്യത്തിന്റെ തിരുഅവശേഷിപ്പുകൾ പ്രദർശിപ്പിച്ചു. തുടർന്ന് ലോകക്കപ്പ് ഗാനമായ ‘ഡായ്, ഡായ്"യുമായി വിഖ്യാത കൊളംബിയൻ ഗായിക ഷാക്കിറയും നൈജീരിയൻ ഗായകൻ ബർണാ ബോയുമെത്തി. അലക്സാണ്ട്രോ ഫെർണാണ്ടസ്, ടെയ്‌ലാ, ബെലിൻഡ, ഡാനി ഓഷ്യൻ, ജെ.ബാൽവിൻ, ലിലാ ഡൗൺസ്, ലോസ് ആഞ്ജലിസ് അസ്യൂൾസ്, മാന എന്നീ സംഗീതജ്ഞരും ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി.
മെക്‌സിക്കൻ മിന്നൽ വള...
മെക്സിക്കോ സിറ്റി : ഈ ലോകകപ്പിലെ ആദ്യ വിജയം ആതിഥേയരായ മെക്സിക്കോയ്ക്ക് സ്വന്തം. ഇന്നലെ ആസ്ടെക് സ്റ്റേഡിയത്തിൽ വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് ശേഷം നടന്ന ഉദ്ഘാടനമത്സരത്തിൽ ദക്ഷിണാഫ്രിക്കയെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കാണ് മെക്സിക്കോയുടെ 'ഹരിതകർമ്മ സേന" നിശബ്ദരാക്കിയത്. തോൽവിക്കൊപ്പം രണ്ട് ചുവപ്പുകാർഡുകളുടെ നാണക്കേടും ദക്ഷിണാഫ്രിക്കയ്ക്ക് വഴങ്ങേണ്ടിവന്നു.ഇൻജുറി ടൈമിൽ മെക്സിക്കോയുടെ സെസാറും ചുവപ്പുകാർഡ് കണ്ടതോടെ മൂന്ന് റെഡ്കാർഡുകൾ പിറന്ന ആദ്യ ലോകകപ്പ് ഉദ്ഘാടനമത്സരവുമായി.
ഒൻപതാം മിനിട്ടിൽ മെക്സിക്കയുടെ ജൂലിയൻ ക്വിനോനസാണ് ഈ ലോകകപ്പിലെ ആദ്യഗോളടിച്ചത്. 67-ാം മിനിട്ടിൽ റൗൾ ജിമനേസ് ആതിഥേയരുടെ രണ്ടാം ഗോളും നേടി. സ്വന്തം ബോക്സിൽ പന്തുവച്ചു കളിച്ച ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തിന്റെ ശ്രദ്ധക്കുറവിൽ നിന്നാണ് ക്വിനോനസ് പന്ത് തട്ടിയെടുത്ത് വലയിലാക്കിയത്.49-ാം മിനിട്ടിൽ ബോക്സിന് തൊട്ടുപുറത്തുവച്ച് ഗുട്ടിറേസിനെ ഫൗൾ ചെയ്തതിന് ദക്ഷിണാഫ്രിക്കയുടെ ഫെഫേലോ സിതോൾ ഈ ലോകകപ്പിലെ ആദ്യ ചുവപ്പുകാർഡ് കണ്ട് പുറത്തായി. 82-ാം മിനിട്ടിൽ ദക്ഷിണാഫ്രിക്കയുടെ തെംപ സ്വാനെ വാർ പരിശോധനയിലൂടെ കളിയിലെ രണ്ടാമത്തെ ചുവപ്പുകാർഡും വാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |