SignIn
Kerala Kaumudi Online
Tuesday, 07 July 2026 11.17 AM IST

പ്രവാസികൾക്കടക്കം തിരിച്ചടി; യുഎഇയിൽ ഒരുവർഷത്തിനിടെ ഉണ്ടായത് ഭയപ്പെടുത്തുന്ന മാറ്റം, കണക്കുകൾ പുറത്ത്

uae
യുഎഇ

ദുബായ്: മലയാളികൾ ഉൾപ്പെടെ നിരവധിപേർ തൊഴിലിനായി ആശ്രയിക്കുന്ന രാജ്യമാണ് യുഎഇ. നിലവിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യുഎഇയിൽ സ്ഥിരതാമസമാക്കിയിരിക്കുന്നത്. ജീവിതരീതി, സുരക്ഷ, ഉയർന്ന ശമ്പളം എന്നീ കാരണങ്ങളാണ് യുഎഇയിലേക്ക് യുവാക്കളെ ആകർഷിക്കുന്നത്. എന്നാൽ, ഈ പ്രതീക്ഷകൾക്കെല്ലാം തിരിച്ചടിയായാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്.

യുഎഇയിൽ തൊഴിലവസരങ്ങൾ കുറയുന്നതായാണ് പുതിയ റിപ്പോർട്ട്. ഗൾഫ് മേഖലയിൽ തൊഴിൽ തേടുന്നവർക്കും നിലവിൽ യുഎഇയിലുള്ള പ്രവാസികൾക്കും ആശങ്കയുയർത്തുന്നതാണ് ഈ വിവരം. ഗൾഫ് രാജ്യങ്ങളിൽ തൊഴിലന്വേഷകരെ സഹായിക്കുന്ന നൗക്കരി ഗൾഫ് എന്ന വെബ്‌സൈറ്റിന്റെ നിയമന സൂചിക കണക്കുകളിലൂടെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.

2026 ഏപ്രിൽ - മേയ് മാസങ്ങളിൽ പ്രതിമാസം 10,000 ദിർഹം (ഏകദേശം രണ്ടരലക്ഷം രൂപ) വരെ ശമ്പളം ലഭിക്കുന്ന ജോലികളിലെ നിയമനങ്ങളിലാണ് ഏറ്റവുമധികം ഇടിവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘ‌ർഷം തന്നെയാണ് നിയമനങ്ങൾ കുറയാനുള്ള പ്രധാന കാരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26 ശതമാനം ഇടിവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. എന്നാൽ, ഉയർന്ന ശമ്പളമുള്ള ജോലികളെ ഇത് വലിയ രീതിയിൽ ബാധിച്ചിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

പ്രതിമാസം 11,000 മുതൽ 20,000 ദിർഹം (അഞ്ച് ലക്ഷത്തിലധികം രൂപ) വരെ ശമ്പളമുള്ള ജോലികളുടെ നിയമനത്തിൽ 22 ശതമാനം ഇടിവുണ്ടായി. 21,000 മുതൽ 40,000 ദിർഹം (പത്ത് ലക്ഷത്തിലധികം രൂപ) വരെ ശമ്പളമുള്ള ജോലികളിൽ 19 ശതമാനം ഇടിവുണ്ടായി. 41,000 മുതൽ 80,000 ദിർഹം (20 ലക്ഷത്തിലധികം രൂപ) വരെ ശമ്പളം ലഭിക്കുന്ന ജോലികളിൽ വെറും 11 ശതമാനം ഇടിവുണ്ടായി. പ്രതിമാസം 1,50,000 ദിർഹത്തിൽ (ഏകദേശം 39 ലക്ഷം രൂപ) കൂടുതൽ ശമ്പളമുള്ള ജോലികളെ ഇത് യാതൊരു വിധത്തിലും ബാധിച്ചിട്ടില്ല എന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഫെബ്രുവരി 28ന് പശ്ചിമേഷ്യൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായി. യാത്ര, വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളെ ഇത് വലിയ രീതിയിൽ തന്നെ ബാധിച്ചു. ഇതിനാൽത്തന്നെ സ്വകാര്യമേഖലയിൽ നിയമനം വെട്ടിക്കുറയ്‌ക്കുകയും ചെയ്‌‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE JOBS, UAE HIRING, UAE JOB MARKET, UAE HIGH SALARY JOB, EXPATS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360