ദുബായ്: ദുബായ് മെട്രോ റെയിലിന്റെ ട്രേഡ് സെന്റര്‍ സ്‌റ്റേഷന്റെ നെയിം ബോര്‍ഡ് വൃത്തികേടായി കിടക്കുന്നു. സംഭവം കണ്ട പ്രവാസി മലയാളിയായ കാസര്‍കോട് സ്വദേശി തന്‍വീര്‍ അഹമ്മദ് ഒരു ചിത്രമെടുത്തു. അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് അടുത്തതായി ചെയ്തത്. പിന്നീട് ഉദ്യോഗസ്ഥര്‍ ചെയ്തത് തന്‍വീറിനെ നേരിട്ട് വിളിച്ച് ആദരിക്കുകയെന്നതാണ്. ഒരു സാധാരണക്കാരന്‍ ശ്രദ്ധയില്‍പ്പെടുത്തിയ കാര്യം പോലും വളരെ വേഗത്തില്‍ പരിഹരിക്കപ്പെടുകയെന്നത് നമ്മുടെ നാട്ടിലെ അനുഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ വലിയ സംഭവമാണ്.
ബോര്‍ഡ് വൃത്തികേടായി കിടക്കുന്നത് ചൂണ്ടിക്കാണിച്ച തന്‍വീറിനെ നേരിട്ട് വിളിപ്പിക്കുകയാണ് ചെയ്തത്. എമിറേറ്റ്‌സ് ടവറിലെ ആര്‍ടിഎ ഓഫീസിലെത്തിയ തന്‍വീറിനോട് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ ചോദിച്ചത്, എല്ലാ ദിവസവും ഞാനും അതുവഴി പോകാറുണ്ടല്ലോ.. എന്നിട്ടും ഞാനത് കണ്ടില്ലല്ലോ. താങ്കളെങ്ങനെയാണ് അത് കണ്ടുപിടിച്ചത് എന്നായിരുന്നു. ഒരു ചിരി മാത്രമായിരുന്നു ഇതിന് മലയാളി യുവാവിന്റെ ഉത്തരം.
ചടങ്ങില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ തന്‍വീറിന് പ്രശസ്തിപത്രവും സമ്മാനവും കൈമാറി. മൂന്ന് വര്‍ഷമായി യുഎഇയിലുള്ള തന്‍വീര്‍ അല്‍ഖൂസിലെ കോണ്‍കോര്‍ഡ് കോറോഡെക്‌സ് ഗ്രൂപ്പില്‍ മള്‍ട്ടിമീഡിയ ഡിസൈനറാണ്. അബുഹൈലിലെ താമസസ്ഥലത്തുനിന്ന് ഓഫിസിലേക്ക് ഷെയ്ഖ് സായിദ് റോഡ് വഴി കമ്പനി ബസില്‍ പോകുമ്പോഴാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ മെട്രോ സ്റ്റേഷന്റെ നെയിം ബോര്‍ഡ് കടുത്ത വേനല്‍ച്ചൂടും പൊടിയുമേറ്റ് വൃത്തികേടായി കിടക്കുന്നത് തന്‍വീറിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
തുടര്‍ന്ന് ചിത്രം എടുത്ത് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ മെസേജ് അയക്കുകയായിരുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ അധികൃതര്‍ എത്തി ബോര്‍ഡ് വൃത്തിയാക്കുകയും ചെയ്തു. ഈ അനുഭവം ഒരു ചെറു വിഡിയോയായി തന്‍വീര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ അത് അതിവേഗം തരംഗമായി മാറി. 68 ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |