ബംഗളൂരു: ഹെഡ് ലൈറ്റ് കത്താത്തതിനെത്തുടർന്ന് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ ബസ് ഓടിച്ച ഡ്രൈവറെ സസ്പെൻഡുചെയ്ത് കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി). വർക്ക്ഷോപ്പിലെ രണ്ട് ജീവനക്കാരെയും സസ്പെൻഡുചെയ്തിട്ടുണ്ട്. ബസ് യഥാസമയം പരിശോധിക്കാത്തിനും അറ്റകുറ്റപ്പണി ചെയ്യാത്തതിനുമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. ഡ്രൈവർ ആകാശ്, ഡിപ്പോയിലെ സാങ്കേതിക വിഭാഗം സൂപ്പർവൈസർ ബസവരാജ്, ജീവനക്കാരൻ ശിവാനന്ദ് എന്നിവർക്കെതിരെയാണ് സസ്പെൻഡുചെയ്തത്. അന്വേഷണറിപ്പോർട്ട് പുറത്തുവന്നതിനുശേഷം ഇവർക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.
കഴിഞ്ഞദിവസം കലിബുർഗയിൽ നിന്ന് ചിഞ്ചോളിയിലേക്കാണ് യാത്രക്കാരുമായി സാഹസിക യാത്ര നടത്തിയത്. ഈ സമയം റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. ഹെഡ് ലൈറ്റില്ലാതെ മുന്നോട്ടുപോകുന്നത് അസാദ്ധ്യമായിരുന്നെങ്കിലും സർവീസ് തുടരാൻ തന്നെയായിരുന്നു ഡ്രൈവറുടെ തീരുമാനം. തുടർന്ന് കണ്ടക്ടർ മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ചുകൊടുക്കുകയും ആ മങ്ങിയ വെളിച്ചത്തിൽ ഡ്രൈവർ സർവീസ് തുടരുകയുമായിരുന്നു.
യാത്രക്കാരിലാരോ പകർത്തിയ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറായിരുന്നു. യാത്രക്കാരുടെ ജീവന് പുല്ലുവില കല്പിച്ചുള്ള നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. തുടർന്നാണ് അധികൃതർ ഇടപെട്ടതും നടപടി സ്വീകരിച്ചതും. വിവാദ ബസിന്റെ ഹെഡ് ലൈറ്റ് പതിനഞ്ചുദിവസത്തോളമായി പൊട്ടിയ നിലയിലായിരുന്നെങ്കിലും നന്നാക്കാനാൻ ആരും മിനക്കെട്ടില്ലെന്നുമാണ് യാത്രക്കാർ പറയുന്നത്. അന്വേഷണത്തിൽ ഇക്കാര്യം അധികൃതർക്ക് വ്യക്തമാവുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബസിന്റെ അറ്റകുറ്റപ്പണികളും സാങ്കേതിക പരിശോധനകളും കർശനമായി നടപ്പാക്കിയിരിക്കണമെന്നും ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |