
കള്ളിയെന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ല
ചെന്നൈ: സ്വത്ത് തട്ടിയെടുത്തെന്നാരോപിച്ച് സഹോദരി രാധ കേസ് നൽകിയതിനുപിന്നാലെ മറുപടിയുമായി നടി അംബിക. സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചത് രാധയാണെന്നും സ്വർണം കൈക്കലാക്കിയെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. താനാണ് പരാതി നൽകേണ്ടിയിരുന്നത്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. സഹോദരൻ മല്ലികാർജ്ജുനും അംബികയ്ക്കൊപ്പമുണ്ടായിരുന്നു.
രാധയുടെ ഭർത്താവാണ് ഇതിനെല്ലാം പിന്നിൽ. കോടികൾ വിലമതിക്കുന്ന ചെന്നൈയിലെ എ.ആർ.എസ് ഗാർഡൻസ് തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. എന്റെ കൂടി കഠിനാധ്വാനത്തിൽ ഉയർത്തിയ,
തനിക്കുകൂടി അവകാശപ്പെട്ട ഭൂമിയാണത്. എ.ആർ.എസ് എന്ന പേരുമാറ്റി പുതിയ പേരിട്ടത് വിഷമിപ്പിച്ചു. വീടും ഓഡിറ്റോറിയവുമെല്ലാം ഹോട്ടലാക്കാനാണ് ശ്രമം. നിയമപരമായി മുന്നോട്ടുപോകുന്നതിനാലാണ് ആരെയും ഇക്കാര്യം അറിയിക്കാതിരുന്നത്. ചെക്ക് നൽകിയ രാധയാണോ പരാതിപ്പെടേണ്ടത്. ഒരു സഹോദരി അങ്ങനെ ചെയ്യാമോ? ഒന്നര വർഷമായി കോടികളുടെ ചെക്ക് ആരെങ്കിലും സൂക്ഷിക്കുമോ? ഇങ്ങനെ ചെയ്യുമ്പോൾ തന്നോട് ഒരു വാക്ക് പറയാമായിരുന്നു. തന്നെ കള്ളിയെന്ന് വിളിക്കുന്നത് സഹിക്കാനാവില്ല. ഞങ്ങൾ ഒന്നിച്ചുനിൽക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. സംസാരിച്ചുതീർക്കാൻ തയ്യാറാണെന്നും വിതുമ്പിക്കൊണ്ട് അംബിക പറഞ്ഞു. സഹോദരി അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് 5 ചെക്കുകൾ കൈക്കലാക്കി അക്കൗണ്ടിൽനിന്ന് 46 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു നടി രാധയുടെ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |