SignIn
Kerala Kaumudi Online
Saturday, 16 May 2026 12.23 AM IST

'വിജയ് അണ്ണാ..നിങ്ങൾ ആദ്യത്തെ ഔദ്യോഗിക 'അഴിമതി' നടത്തിക്കഴിഞ്ഞു, അഭിനന്ദനങ്ങൾ'; വിമർശനവുമായി നടി ജൂലി

vijay

ചെന്നൈ: വിജയ്‌യുടെ ഉപദേശിമാരിൽ പ്രമുഖനും വിശ്വസ്തനുമായ ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി (ഒ.എസ്.ഡി) നിയമിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. തമിഴക വെട്രി കഴകം എന്ന പാർട്ടിക്ക് പേരിടൽ, പ്രഖ്യാപനം മുതൽ വിജയ്‌യുടെ സത്യപ്രതിജ്ഞയ്ക്കു സമയം കുറിച്ചതു വരെ റിക്കിരാധനായിരുന്നു. എന്നാൽ തീരുമാനം വിവാദമായതോടെ ഉത്തരവ് പിൻവലിച്ച് വിജയ് സർക്കാർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സർക്കാരിന്റെ ഈ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരവും നടിയുമായ ജൂലി.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം വിജയ് നടത്തിയ ആദ്യ 'തട്ടിപ്പിന് അഭിനന്ദനങ്ങൾ എന്ന് പരിഹസിച്ചുകൊണ്ടാണ് നടിയുടെ വിമർശന വീഡിയോ ആരംഭിക്കുന്നത്. 'അണ്ണാ...സൂപ്പർ, നിങ്ങൾ ആദ്യത്തെ ഔദ്യോഗിക അഴിമതി നടത്തിക്കഴിഞ്ഞു. അഭിനന്ദനങ്ങൾ. ഞങ്ങൾ പെരിയാർ ആശയങ്ങളിൽ വിശ്വസിക്കുന്നവരും സനാതന ധർമ്മങ്ങൾ എതിർക്കുന്നവരുമാണ്. എന്നാലും നിങ്ങളുടെ വ്യക്തിപരമായ വിശ്വാസങ്ങളെ ഞങ്ങൾ ബഹുമാനിക്കുന്നു. ദൈവത്തിൽ വിശ്വസിക്കുന്നതോ പ്രാർത്ഥിക്കുന്നതോ തെറ്റാണെന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ ദൈവത്തെ മുൻനിർത്തി കാണിക്കുന്ന കാര്യങ്ങളെയാണ് ഞങ്ങൾ എതിർക്കുന്നത്.

ഏറ്റവും പ്രധാനപ്പെട്ട ഔദ്യോഗിക പദവി ഒരു ജ്യോത്സ്യന് നൽകുന്നത് വഴി നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെയാണ് ഉയർത്തിപ്പിടിച്ചിരിക്കുന്നത്. അത് നിങ്ങളുടെ ഇഷ്ടം. എന്നാൽ അദ്ദേഹത്തിനുള്ള ശമ്പളം എവിടെ നിന്നാണ് അണ്ണാ? അത് ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ നികുതിപ്പണമല്ലേ?'- വീഡിയോയിൽ ജൂലി പറഞ്ഞു. വീഡിയോയ്‌ക്കൊപ്പം ജനങ്ങളുടെ പണം ദുർവിനിയോഗം ചെയ്യില്ലെന്ന് തിരഞ്ഞെടുപ്പ് റാലികളിൽ വിജയ് പ്രസംഗിക്കുന്ന പഴയ വീഡിയോയും ജൂലി ചേർത്തിട്ടുണ്ട്. വീഡിയോ വൈറലായതോടെ വിജയ്‌യെ പിന്തുണച്ചും എതിർത്തും കമന്റുകൾ വരുന്നുണ്ട്.

വിജയ് തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്ന് 2024ൽ രാധൻ പണ്ഡിറ്റ് പ്രവചിച്ചിരുന്നു. രാധൻ പണ്ഡിറ്റിന്റെ ഉപദേശ പ്രകാരമാണ് 7ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ വിജയ് നീക്കം നടത്തിയത്. ജ്യോതിഷപരമായി മികച്ച ദിവസമായിരുന്നുവത്രെ അത്. ഭൂരിപക്ഷം വ്യക്തമായപ്പോൾ മേയ് 10ന് വൈകിട്ട് 3.45ന് സത്യപ്രതിജ്ഞ ചെയ്യാൻ വിജയ് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് രാധൻ പണ്ഡിറ്റിന്റെ നിർദേശ പ്രകാരം രാവിലെ 10 ലേക്ക് മാറ്റുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, VIJAY, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360