
ന്യൂഡൽഹി: കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മരവിപ്പിച്ച മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഉപാധികളോടെ പ്രവർത്തിപ്പിക്കാൻ കൊൽക്കത്ത ഹൈക്കോടതി തൃണമൂൽ കോൺഗ്രസ് മമതാ പക്ഷത്തിന് അനുമതി നൽകി. അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി ധൃതിപിടിച്ചുള്ളതാണെന്ന നിരീക്ഷണവും ജസ്റ്റിസ് സൗഗത ഭട്ടാചാര്യ നടത്തി.
പാർട്ടിയുടെ ദൈനംദിന ചെലവുകൾക്കുള്ള പണമിടപാടുകൾ മാത്രമേ അക്കൗണ്ടുകൾ വഴി ചെയ്യാനാകൂ. ഫണ്ട് പിൻവലിക്കുന്നതിന് കർശന വ്യവസ്ഥകൾ കോടതി ഏർപ്പെടുത്തി. ചെക്ക് സമർപ്പിക്കുന്നതിന് മുമ്പ്, രണ്ട് അംഗീകൃത ഭാരവാഹികൾ ഒപ്പിടണം. ഇടപാടുകൾ നിരീക്ഷിക്കാൻ മുൻ കൽക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുബ്രത താലൂക്ക്ദാറിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. എല്ലാ ചെക്കിലും സ്പെഷ്യൽ ഓഫീസർ ഒപ്പിടണം. സെപ്‌തംബർ 30 വരെ ഈ ക്രമീകരണം തുടരും.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ഉടൻ ധൃതി പിടിച്ച് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ കോടതി ചോദ്യം ചെയ്തു. അടിയന്തര നടപടിയെ ന്യായീകരിക്കുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് കോടതി പറഞ്ഞു. സാധാരണ പൗരന്മാരുടെ പരാതികളിൽ ഇത്രയും കൃത്യത അധികൃതരിൽ നിന്ന് ഉണ്ടാവാറില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അക്കൗണ്ടുകൾ മരവിപ്പിച്ചത് അംഗീകൃത രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനത്തെ സ്തംഭിപ്പിച്ചെന്ന് തൃണമൂലിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. അന്വേഷണത്തിനിടെ ഫണ്ട് വഴിതിരിച്ചുവിടുന്നത് തടയാനാണ് അതു ചെയ്‌തതെന്ന് പശ്ചിമ ബംഗാൾ പൊലീസിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ന്യായീകരിച്ചു. കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ തൃണമൂൽ വിമത വിഭാഗം സുപ്രീംകോടതിയെ സമീപിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |