ന്യൂഡൽഹി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് നാളെ നടക്കും. ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറുടെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ച പരാജയപ്പെട്ടതോടെ പണിമുടക്കുമായി മുന്നോട്ട് പോകാൻ ജീവനക്കാർ തീരുമാനിക്കുകയായിരുന്നു. ശനിയും ഞായറും ബാങ്ക് അവധി ആയതിനാൽ നാളത്തെ സമരവും കൂടി ആകുമ്പോൾ തുടർച്ചയായ മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. തിങ്കളാഴ്ച വിനായകചതുർത്ഥിയുടെ അവധിയുള്ള സ്ഥലങ്ങളിൽ തുടർച്ചയായ നാല് ദിവസം ബാങ്ക് അവധിയായിരിക്കും.
ആഴ്ചയിൽ അഞ്ച് ദിവസം ജോലിയും രണ്ട് ദിവസം അവധിയും എന്നതാണ് ബാങ്കിംഗ് ജീവനക്കാരുടെ ആവശ്യം. ഇത് അംഗീകരിക്കാത്തതിനാലാണ് പണിമുടക്കിലേക്ക് നീങ്ങുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് സംഘടനകൾ പറയുന്നത്. ജീവനക്കാരുടെ ആവശ്യങ്ങളോട് സർക്കാർ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. വിശദമായ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനത്തിലെത്താൻ കഴിയൂവെന്ന നിലപാടിലാണ് സർക്കാർ.
ഈ മാസം 28,29,30 തീയതികളിലാണ് രണ്ടാംഘട്ട പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 27-ാം തീയതി ഞായറാഴ്ചയാണ്. 26-ാം തീയതി നാലാം ശനിയും ബാങ്ക് അവധിയാണ്. അതിനാൽ അഞ്ച് ദിവസങ്ങൾ തുടർച്ചയായി ബാങ്ക് പ്രവർത്തിക്കില്ല. ഇതിനുശേഷം ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
തുടർച്ചയായ ദിവസങ്ങളിൽ ബാങ്കിംഗ് സേവനങ്ങൾ തടസപ്പെടുന്നതിനാൽ ആവശ്യക്കാർ ഇടപാടുകൾ ഇന്നുതന്നെ പൂർത്തിയാക്കണം. ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറം, യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം ബാങ്കുകൾക്ക് അവധി നൽകണമെന്ന ശുപാർശ രണ്ടര വർഷമായിട്ടും കേന്ദ്രം നടപ്പാക്കുന്നില്ലെന്നാണ് പരാതി.
ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.അർദ്ധ വാർഷിക കണക്കെടുപ്പ് ഈ മാസം അവസാനമായതിനാൽ ഈസമയത്ത് പണിമുടക്ക് നടക്കുന്നത് ബാങ്കുകളുടെ പ്രവർത്തനത്തെയും ബാധിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
A national bank strike is scheduled after talks between employee unions and the Deputy Chief Labour Commissioner failed. Demanding a five-day work week, the strike will shut down banks for three consecutive days, including weekend holidays, causing widespread disruption to banking services. Further phases of strikes, including an indefinite one, are planned if their demands are not met.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |