ന്യൂഡൽഹി: വീട്ടുകാർ വിവാഹത്തിന് വിസമ്മതിച്ചതിൽ മനംനൊന്ത് യുവഡോക്‌ടർ സർക്കാർ ആശുപത്രിയിൽ ജീവനൊടുക്കി. ഡൽഹി സർക്കാരിന്റെ അരുണ ആസഫ് അലി ആശുപത്രിയിലാണ് 35കാരനായ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെ സഹപ്രവർത്തകയുമായി ഇയാൾ പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാർ ഇത് എതിർത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നുമാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
അരുണ ആസഫ് അലി ആശുപത്രിയിലെ അനസ്‌തീഷ്യ വിഭാഗത്തിൽ റെസിഡന്റ് ഡോക്‌ടറായിരുന്ന പഞ്ചാബ് ലുധിയാന സ്വദേശി സിമർപ്രീത് സിംഗ് ആനന്ദ് ആണ് മരിച്ചത്. മൂന്ന് വർഷമായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. ശനിയാഴ്‌ച രാത്രി എട്ടുമണി മുതൽ ഞായർ രാവിലെ വരെ സിമർ ഡ്യൂട്ടിയിലുണ്ടായിരുന്നു. രാത്രി പതിനൊന്ന് മണിയോടെയാണ് അദ്ദേഹം ഡ്യൂട്ടി റൂമിലേയ്ക്ക് പോയത്. ഷിഫ്റ്റ് അവസാനിച്ചതിനുശേഷവും പുറത്തുവരാത്തതോടെ സഹപ്രവർത്തകർ ഫോണിൽ വിളിച്ചിട്ടും ബന്ധപ്പെടാനായില്ല. വാതിലും പൂട്ടിയ നിലയിലായിരുന്നു.
ഇന്നലെ രാവിലെ ഒൻപത് മണിയോടെ മുറി ബലമായി തുറന്ന് പരിശോധിച്ചപ്പോൾ സിമറിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ഞായറാഴ്‌ചതന്നെ മരണപ്പെട്ടതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. ഡോക്‌ടറുടെ കയ്യിൽ കാനുല ഇട്ടിരുന്നു. മുറിയിൽ നിന്ന് സിറിഞ്ചുകൾ, ഒഴിഞ്ഞ മരുന്ന് കുപ്പികൾ, മൂന്നുപേജുള്ള ആത്മഹത്യാക്കുറിപ്പ്, ഡയറി എന്നിവ കണ്ടെത്തി.
മദ്ധ്യപ്രദേശിൽ നിന്നുള്ള സഹപ്രവർത്തകയുമായി സിമർ പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരും വ്യത്യസ്ത ജാതിയിൽ നിന്നുള്ളവരായിരുന്നതിനാൽ മാതാപിതാക്കൾ ബന്ധത്തെ എതിർത്തു. ഇതിൽ താൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് സിമറിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. എന്നാൽ ആനന്ദിനെ കൊലപ്പെടുത്തിയതാണെന്നാരോപിച്ച് വനിതാ ഡോക്‌ടർക്കെതിരെ ആനന്ദിന്റെ ബന്ധുക്കൾ രംഗത്തെത്തി. പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നറിയിച്ച പൊലീസ് സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |