SignIn
Kerala Kaumudi Online
Tuesday, 01 September 2026 8.42 PM IST

'ട്രംപിന് പകരമായി അദ്ദേഹത്തിന് അമേരിക്കൻ പ്രസിഡന്റ് വരെയാകാം' വിജയ് പ്രധാനമന്ത്രിയാകണമെന്ന ആവശ്യത്തിൽ വിമർശനം

cm-vijay
വിജയ് ജനങ്ങൾക്കൊപ്പം

ചെന്നൈ: തമിഴക വെട്രികഴകം (ടിവികെ)​ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യെ 2029 തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടണമെന്ന വാദത്തിൽ പരിഹാസം. എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പഴനിസ്വാമിയാണ് വിജയ്‌യെയും ടിവികെ ആവശ്യത്തെയും വിമർശിച്ചത്. ടിവികെ നേതാക്കളായ അദവ് അർജുന,​ ശരത്‌കുമാർ എന്നിവരാണ് പരസ്യമായി വിജയ് പ്രധാനമന്ത്രി പദവിയിലെത്തണമെന്ന് പറഞ്ഞത്. ഇതിനെതിരെ സർക്കാരിലെ സഖ്യകക്ഷിയായ കോൺഗ്രസ് തന്നെ വിമർശനം ഉന്നയിച്ചിരുന്നു.

'അദ്ദേഹത്തിന് വേണമെങ്കിൽ അമേരിക്കൻ പ്രസിഡന്റ് വരെയാകാം. അദ്ദേഹത്തിന് ട്രംപിന് പകരക്കാരനാകാം. അതിൽ തെറ്റൊന്നുമില്ല. അത് അദ്ദേഹത്തിന്റെ ആഗ്രഹമാണ്. വിജയ്‌ക്ക് വേണമെങ്കിൽ ഇന്ത്യൻ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആകാം' എന്ന് വിജയ്‌യെ എടപ്പാടി പഴനിസ്വാമി പരിഹസിച്ചു. സർക്കാർ ഭരണം റീൽസിലൂടെ മാത്രമാണെന്നും ഇത് ഇവിടെ നടപ്പാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ സംവിധാനം ആകെ താളംതെറ്റിയെന്ന് എഐഡിഎംകെ നേതാവ് ആരോപിച്ചു.

'110 ദിവസംകൊണ്ട് സംസ്ഥാനത്തെ നിയമവാഴ്‌ച തകർന്നടിഞ്ഞു. എവിടെനോക്കിയാലും കൊലയും,​ കൊള്ളയും ജനങ്ങൾ തമ്മിൽ പോരും കൂടിവരുന്നതായി നിങ്ങൾക്ക് കാണാം.' എടപ്പാടി പഴനിസ്വാമി ആരോപിച്ചു. അതേസമയം ടിവികെയുടെ ആവശ്യത്തെ കോൺഗ്രസ് എംപി കാർത്തി ചിദംബരം തള്ളി. ഫാൻ ക്‌ളബ് മാനസികാവസ്ഥയാണ് ഇത്തരം ആവശ്യങ്ങൾക്ക് പിന്നിൽ എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ വിഷയത്തിൽ വിജയ് ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. 234 അംഗ സഭയിൽ കോൺഗ്രസിന്റെതടക്കം പിന്തുണയോടെയാണ് വിജയ് ഭരണം നടത്തുന്നത്. ഇതിനിടെ വിജയ്‌യുടെ മനസിലോ ഭാവനയിലോ അത്തരം ചിന്തയൊന്നുമില്ലെന്ന് എംഡിഎംകെ നേതാവ് വൈക്കോ വ്യക്തമാക്കി.

English Summary

Suggestions to project actor Vijay as a Prime Ministerial candidate for 2029 by his Tamilaga Vettri Kazhagam (TVK) leaders have drawn ridicule. AIADMK's Edappadi K. Palaniswami mocked the idea and criticized Vijay's government over alleged misgovernance. Congress, an alliance partner, also dismissed the demand as a "fan club mentality." Vijay has not yet commented on the matter.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRUMP, US PRESIDENT, JOSEPH VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360