ശ്രീനഗർ: ജമ്മുകാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേന രണ്ട് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. ലഷ്കർ ഇ തയ്ബയിലെ കൊടുംഭീരൻ സക്കീർ അഹമ്മദ് ഗാനി, ഇയാളുടെ സഹായി ലത്തീഫ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ചാൻപേറ ഗ്രാമത്തിൽ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്നറിഞ്ഞ് തിരച്ചിൽ നടത്തുന്നതിനിടെയാണ് സുരക്ഷാ സേനയ്ക്കുനേരെ വെടിവയ്പ്പുണ്ടായത്. ഇതോടെ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇതിലാണ് രണ്ടുപേരും കൊല്ലപ്പെട്ടത്.ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.
സിസിടിവി ദൃശ്യങ്ങളിലൂടെ പ്രദേശത്ത് ഗാനിയുടെ സാന്നിദ്ധ്യം അന്വേഷണ ഉദ്യോഗസ്ഥർ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. കരന്നേനയുടെ 44,20,34 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റുകൾ, 3 പാരാ, ജമ്മുകാശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. പ്രദേശത്ത് പരിശോധനയും സുരക്ഷയും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെടെ സക്കീർ ഗാനിക്ക് പങ്കുണ്ടെന്നാണ് സുരക്ഷാ സേന വ്യക്തമാക്കുന്നത്. ഇയാൾക്കെതിരെ എൻഐഎ കോടതി 2025ൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തെക്കൻ കാശ്മീരിലെ കുൽഗാം ജില്ലക്കാരനാണ് ഗാനി. എ++ വിഭാഗം തീവ്രവാദിയായാണ് സേന ഇയാളെ തരംതിരിച്ചിരിക്കുന്നത്. താഴ്‌വരയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ നടക്കുന്ന ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്നും സുരക്ഷാ സേനയ്ക്ക് വ്യക്തമായ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാൾക്കെതിരെയുള്ള നീക്കം കൂടുതൽ ശക്തമാക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |