ന്യൂഡൽഹി: ജന്തർ മന്തറിൽ ആരംഭിച്ച കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രതിഷേധ സമരം ദിവസങ്ങൾക്കകം തന്നെ ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്ക് വ്യാപിക്കുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. വിദ്യാഭ്യാസ മേഖലയിലെ ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകൾ, തൊഴിലില്ലായ്മ, വിദ്യാഭ്യാസ സംവിധാനത്തിലെ പരിഷ്‌കരണം എന്നിവ ആവശ്യപ്പെട്ട് സിജെപി ആരംഭിച്ച സമരത്തിന് ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്.
ഡൽഹിയിലെ ജന്തർ മന്തറിൽ ആരംഭിച്ച സമരം പിന്നീട് രാജ്യവ്യാപക യുവജന പ്രക്ഷോഭമായി മാറുകയായിരുന്നു. സിജെപിയുടെ സ്ഥാപക അദ്ധ്യക്ഷൻ അഭിജീത് ദീപ്കെ കൊളുത്തിയ പ്രതിഷേധത്തിന്റെ ജ്വാല രാജ്യം മുഴുവൻ ആളിക്കത്തുകയായിരുന്നു. സോനം വാങ്‌ചുക്കിന്റെ നിരാഹാര സമരവും പ്രക്ഷോഭത്തിന് വലിയ ദേശീയ ശ്രദ്ധ നേടിക്കൊടുത്തു.
വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യവുമായി മുംബയ്, ബംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ യുവാക്കൾ അണിനിരന്നു. വിവിധ നഗരങ്ങളിൽ വിദ്യാർത്ഥികളും യുവജനങ്ങളും ഐക്യദാർഢ്യ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.
സമരത്തിന്റെ കേന്ദ്രം ന്യൂഡൽഹിയിലെ ജന്തർ മന്തറായിരുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികളും യുവാക്കളും ഇവിടെ ഒത്തുകൂടി പ്രതിഷേധിച്ചു. അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധത്തിൽ പിന്നീട് സോനം വാങ്‌ചുക്കും പങ്കുചേർന്നു. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ആഹ്വാനവും ഇവിടെ നിന്നാണ് പ്രഖ്യാപിച്ചത്. ജന്തർ മന്തറിലെ പ്രതിഷേധത്തിന് പിന്നാലെ മുംബയിൽ ഐക്യദാർഢ്യ പ്രതിഷേധങ്ങൾ നടന്നു.
ബംഗളൂരുവിൽ വിദ്യാർത്ഥി-യുവജന കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ പ്രതിഷേധക്കാർ രംഗത്തെത്തി. ദേശീയ തലത്തിൽ ശ്രദ്ധ നേടിയ പ്രധാന പ്രതിഷേധ കേന്ദ്രങ്ങളിലൊന്നായി ബംഗളൂരു മാറുകയായിരുന്നു.
കൊൽക്കത്തയിലാണ് ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്ന് നടന്നത്. വൻ ജനപങ്കാളിത്തത്തോടെയുള്ള റാലികളും പ്രതിഷേധങ്ങളും കൊൽക്കത്തയിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. ചില ഇടങ്ങളിൽ പൊലീസുമായുള്ള സംഘർഷങ്ങളും ഉണ്ടായി. ഹൈദരാബാദിലെ ധർണാ ചൗക്കിൽ സമരാനുകൂലികൾ പ്രതിഷേധം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, യുവജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ സമാധാനപരമായ പ്രതിഷേധമാണ് നടന്നത്. സോനം വാങ്‌ചുക്കിനും അഭിജീത് ദിപ്കെയ്ക്കും പിന്തുണ പ്രഖ്യാപിച്ചായിരുന്നു സമരം.
അതേ സമയം ബീഹാറിൽ വിവിധ വിദ്യാർത്ഥി സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടുന്ന രംഗമാണ് ഉണ്ടായത്. പാട്ന, കട്ടിഹാർ, ദർബംഗ, ബെഗുസരായി, ഛപ്ര എന്നിവിടങ്ങളിൽ കല്ലേറും പൊലീസ് ലാത്തിച്ചാർജും നടന്നു.
രാഷ്ട്രീയ-സാമുദായിക പിന്തുണയേതുമില്ലാതെ യുവജനങ്ങൾ രാജ്യതലസ്ഥാനത്ത് ആരംഭിച്ച ജനകീയ സമരമായി ചരിത്രം സിജെപി പ്രക്ഷോഭത്തെ അടയാളപ്പെടുത്തും.
The Cockroach Janata Party's (CJP) protest, initiated at Jantar Mantar by Abhijeet dipke, rapidly escalated into a nationwide youth movement. Demanding education reforms, justice for exam irregularities, and the Education Minister's resignation, the protests spread across major cities including Mumbai, Bengaluru, and Kolkata. Sonam Wangchuk's participation further amplified national attention, with some areas reporting clashes.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |