SignIn
Kerala Kaumudi Online
Monday, 28 September 2026 4.25 PM IST

'രണ്ടാം സ്വാതന്ത്ര്യസമരമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം': കെ സി വേണുഗോപാല്‍ എംപി

kc-venugopal
കെസി വേണുഗോപാൽ

ന്യൂഡൽഹി: ജനാധിപത്യം സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോൺഗ്രസിന്റെ പോരാട്ടമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച വിവാദ തീരുമാനങ്ങൾ തെറ്റാണെന്ന് സമ്മതിച്ചതിനാലാണ് അവ പിൻവലിക്കാൻ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു കെസി വേണുഗോപാൽ.

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടർമാരെ കമ്മീഷൻ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്നും വേണുഗോപാൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വെറും പാർട്ടി കമ്മിറ്റികളുടെ നിലവാരത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ബി.ജെ.പി. നിയമിച്ച മറ്റ് രണ്ട് കമ്മീഷൻ അംഗങ്ങൾ വിയോജിച്ച വിഷയങ്ങളിൽ പോലും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടികൾ സ്വീകരിക്കാൻ ഗ്യാനേഷ് കുമാർ തയ്യാറാകുന്നത് ആർക്കുവേണ്ടിയാണെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.

കമ്മീഷന്റെ കൂട്ടുത്തരവാദിത്തം പോലും നഷ്ടപ്പെടുത്തി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും വേണ്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള തെളിവുകൾ സഹിതം ഉന്നയിച്ച കാര്യങ്ങൾ കമ്മീഷണർമാർ നൽകിയ പരാതിയിലൂടെ അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമപോരാട്ടം ഉൾപ്പെടെയുള്ള മുന്നോട്ടുള്ള കാര്യങ്ങൾ സംബന്ധിച്ച് കോൺഗ്രസ് പ്രവർത്തകസമിതിയുടെയും ഇന്ത്യാ സഖ്യകക്ഷികളുടെയും യോഗങ്ങളിൽ തീരുമാനമെടുക്കുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ജനാധിപത്യം സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ സഹകരിക്കാൻ കഴിയുന്ന എല്ലാവരും കോൺഗ്രസിന്റെ പോരാട്ടത്തിനൊപ്പം അണിചേരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

പ്രതിഷേധിക്കാൻ പോലും അനുവദിക്കാത്ത അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് ഭരണകൂടത്തിന്റേതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. പഞ്ചാബിലെ ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഘർഷത്തിൽ പോലീസിന് വീഴ്ചയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മലയാളി വിദ്യാർഥികൾ താനുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവരെ നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K C VENUGOPAL, CONGRESS ELECTION COMMISSION, ELECTION COMMISSION CONTROVERSY, KC VENUGOPAL STATEMENT, CONGRESS KERALA POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360