SignIn
Kerala Kaumudi Online
Monday, 28 September 2026 11.14 AM IST

അതിവേഗത്തിൽ പോയ കാറിനുമുകളിൽ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

velmurugan
വേൽമുരുകൻ, കാറിന് മുകളിൽ വേൽമുരുകൻ തൂങ്ങിക്കിടക്കുന്ന ദൃശ്യം

കോയമ്പത്തൂർ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച് കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവിൽപാളയം സ്റ്റേഷനിലെ ഹെഡ്‌കോൺസ്റ്റബിൾ വേൽമുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളിൽ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

വേൽമുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയിൽ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കൾ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികൾ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച് അതിവേഗത്തിൽ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേൽമുരുകൻ കാറിന് മുകളിൽ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയിൽ ഓടിച്ചുപോയി.

കാറിന് മുകളിൽ അപകടകരമായ രീതിയിൽ വേൽമുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് കരുമത്തംപട്ടി പൊലീസ് വാഹനവും ആംബുലൻസും കാറിന് പിന്നാലെ പാഞ്ഞു. കരുമത്തംപട്ടിയിൽ നിന്നും സംഘം രക്ഷപ്പെട്ടതോടെ അവിനാശി സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് അവിടത്തെ പൊലീസുകാർ കാറിനെ പിന്തുടർന്നു. 40 കിലോമീറ്ററോളം പിന്നിട്ട വാഹനത്തെ അവിനാശിയിലെ അന്നപൂർണ ഹോട്ടലിന് സമീപം വച്ച് ആംബുലൻസും പൊലീസ് വാഹനങ്ങളും ചേർന്ന് വളഞ്ഞു.

കാറിലുണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപ്പെട്ടുവെങ്കിലും ഒരാൾ പൊലീസിന്റെ പിടിയിലായി. തുടർന്ന് നടത്തിയ തെരച്ചിലിൽ മറ്റ് രണ്ടുപേരും വൈകാതെ തന്നെ അറസ്റ്റിലായി. പ്രതികൾ രാജസ്ഥാൻ സ്വദേശികളാണ്. 300 കിലോഗ്രാം നിരോധിക്കപ്പെട്ട ഗുട്‌കയും മറ്റ് പുകയില ഉൽപ്പന്നങ്ങളും കാറിൽ നിന്ന് കണ്ടെത്തി. ബംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്കാണ് സംഘം ലഹരി കടത്താൻ ശ്രമിച്ചത്.

English Summary

A Coimbatore police officer clung to the roof of a speeding car after suspects fled during a vehicle inspection. Following a 40-km chase, police intercepted the vehicle and arrested three Rajasthan natives. Officers recovered 300 kg of banned gutka and other tobacco products allegedly being transported from Bengaluru to Coimbatore.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COIMBATORE POLICE, GUTKA SMUGGLING, POLICE OFFICER CLINGS TO CAR, TAMIL NADU CRIME, COIMBATORE GUTKA CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360