റിയാദ്: മയക്കുമരുന്ന് കടത്തിയെന്ന കേസിൽ കണ്ണൂർ സ്വദേശിയായ 41കാരന് സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കി. തലശേരി പെരിങ്ങാട് സ്വദേശി അബൂട്ടി വെള്ളിലിയാണ് ഇന്ന് രാവിലെ വധശിക്ഷയ്ക്ക് വിധേയനായത്. ശിക്ഷ നടപ്പാക്കിയെന്ന് സൗദി മന്ത്രാലയം ഔദ്യോഗികമായി ഇന്ത്യൻ എംബസിയെ അറിയിച്ചു.
43 കിലോഗ്രാം മാരകമായ മയക്കുമരുന്നുമായി ജി.എം.സി വാനിൽ യാത്ര ചെയ്യുന്നതിനിടെയാണ് അബൂട്ടിയെ 2023ൽ സുരക്ഷാസേന അറസ്റ്റ് ചെയ്തത്. ഒമാനിൽനിന്ന് റോഡ് മാർഗം മയക്കുമരുന്ന് സൗദിയിലെത്തിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം. കോടതിയിൽ നടന്ന വിചാരണയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അബൂട്ടിയെ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. സുപ്രീം കോടതി വിധി ശരിവച്ചതിന് പിന്നാലെ സൗദി ഭരണാധികാരി രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് വധശിക്ഷ നടപ്പാക്കിയത്.
അബൂട്ടിയുടെ വധശിക്ഷയ്ക്ക് പിന്നാലെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാതെ കുടുംബം പ്രതിസന്ധിയിലാണെന്നാണ് ബന്ധുക്കൾ പറയുന്നത്. ഭാര്യയും രണ്ട് കുട്ടികളുമാണ് അബൂട്ടിക്കുള്ളത്. മൂന്ന് സഹോദരിമാർ വിവാഹിതരാണ്. വർഷങ്ങൾക്ക് മുമ്പ് പിതാവ് മരിച്ചിരുന്നു.
സന്ദർശക വിസയിലാണ് അബൂട്ടി സൗദിയിലെത്തിയതെന്ന് അയൽവാസിയും പഞ്ചായത്ത് പ്രതിനിധിയുമായ അസ്‌ലം ചിന്നൻ പറഞ്ഞു. ജോലി വിസയില്ലാതെ സൗദിയിൽ നിയമപരമായി ഡ്രൈവിംഗ് ലൈസൻസ് നേടാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ഇപ്പോഴും നിരവധി ചോദ്യങ്ങൾ ബാക്കിനിൽക്കുന്നതായും അസ്‌ലം പറഞ്ഞു. വിസയുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശിയായ ഒരു സുഹൃത്ത് അബൂട്ടിയെ വഞ്ചിച്ചെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നതായും ഒമാനിലെ ഒരു സ്‌പോൺസർ മയക്കുമരുന്ന് കേസിൽ അബൂട്ടിയെ കുടുക്കിയെന്ന ആരോപണവും ഉയർന്നിരുന്നു. സൗദിയിൽ കേസ് നടത്തുന്നതിനാവശ്യമായ നിയമസഹായം ലഭ്യമാക്കാൻ കുടുംബത്തിന് സാമ്പത്തിക ശേഷിയില്ലായിരുന്നുവെന്നും അസ്‌ലം വ്യക്തമാക്കി.
A 41-year-old Kannur native, Abutty Velliyil, was executed in Saudi Arabia for drug trafficking. He was arrested in 2023 with 43 kilograms of narcotics, allegedly transported from Oman. The Saudi Ministry officially informed the Indian Embassy about the execution, which followed a conviction upheld by the Supreme Court and a royal decree.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |