ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഉജ്ജയ്‌നിൽ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി ഷാഹി മസ്‌ജിദിന്റെ ഒരു ഭാഗം പൊളിക്കാനുള്ള നീക്കത്തിനെതിരെ സംഘർഷം. പൊലീസും നാട്ടുകാരും തമ്മിലാണ് ഏറ്റുമുട്ടിയത്. തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ഇതിൽ പ്രകോപിതരായ പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. സംഘർഷം രൂക്ഷമായതിന് പിന്നാലെ പൊളിച്ചുനീക്കൽ താൽക്കാലികമായി നിർത്തിവച്ചു.
2028ൽ ഉജ്ജയ്‌നിൽ നടക്കാനിരിക്കുന്ന പ്രശസ്തമായ സിംഹസ്ഥ മേളയ്ക്കായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരത്തിലെ റോഡുകൾ വീതിക്കൂട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി 272 നിർമിതികൾ പൊളിച്ചുനീക്കാനാണ് ഉജ്ജയ്ൻ മുൻസിപ്പൽ കോർപറേഷന്റെ തീരുമാനം. ഇക്കൂട്ടത്തിലാണ് ഷാഹി മസ്‌ജിദിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. 1390 ൽ നിർമിക്കപ്പെട്ടതെന്ന് കരുതുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള വഖഫ് സ്വത്തായ ഷാഹി മസ്‌ജിദിന്റെ പ്രാർത്ഥനാ ഹാൾ, മിനാരം എന്നിവ ഉൾപ്പെടുന്ന ഭാഗം പൊളിച്ചുമാറ്റാനാണ് കോർപറേഷൻ നോട്ടീസ് നൽകിയിരിക്കുന്നത്.
ഉജ്ജയ്ൻ മുൻസിപ്പൽ കോർപ്പറേഷന്റെ നോട്ടീസിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഹർജികൾ മദ്ധ്യപ്രദേശ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പൊതുതാൽപ്പര്യവും ഗതാഗതക്കുരുക്കും കണക്കിലെടുത്തായിരുന്നു കോടതി വിധി. ഈ വിഷയത്തിൽ കോടതി വീണ്ടും വാദം കേൾക്കാനിരിക്കെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
Conflict erupted in Ujjain, Madhya Pradesh, over the planned demolition of part of the Shahi Masjid for road widening ahead of the 2028 Simhastha Mela. Police used tear gas and lathi-charge on protesting locals who retaliated with stones. The demolition was temporarily halted. The High Court had earlier upheld the demolition plan.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |