SignIn
Kerala Kaumudi Online
Tuesday, 14 July 2026 4.12 PM IST

പീഡനം ചോദ്യം ചെയ്ത കുടുംബത്തിന് നേരെ ഗുണ്ടായിസം,​ കാർ അടിച്ചുതകർത്തു, 20 കിലോമീറ്റർ പിന്തുടർന്ന് ആക്രമണം

-chased-and-harassed-
ശല്യം ചെയ്തവരെ ചോദ്യം ചെയ്ത യുവതിയും ബൈക്കിൽ പിന്തുടർന്ന് ആക്രമിക്കാനെത്തിയ യുവാക്കളും.

നാസിക്: ശല്യം ചെയ്ത പൂവാലന്മാരെ ചോദ്യം ചെയ്ത യുവതിക്കും കുടുംബത്തിനും നേരെ ഗുണ്ടകളുടെ ആക്രമണം. മഹാരാഷ്ട്രയിലെ നാസിക് സ്വദേശികളായ എട്ടംഗ കുടുംബമാണ് അതിക്രമത്തിന് ഇരയായത്. യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുമ്പുവടികളുമായി എത്തിയ സംഘം 20 കിലോമീറ്ററോളം ദൂരം ഇവരുടെ കാർ പിന്തുടർന്ന് അടിച്ചുതകർക്കുകയായിരുന്നു. നാല് കുട്ടികളടക്കമുള്ള കുടുംബമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവത്തിൽ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ചയായിരുന്നു നാസിക്കിൽ നിന്നുള്ള കുടുംബം ഇഗത്പുരിയിലെ ഭാവലി ഡാമും വെള്ളച്ചാട്ടവും കാണാൻ എത്തിയത്. ഇവിടെ രണ്ട് പേർ യുവതിയെ പേരെടുത്ത് വിളിച്ച് അധിക്ഷേപിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതോടെ യുവതിയും ഭർത്താവും ഇവരെ ചോദ്യം ചെയ്തു.

ഇതിൽ പ്രകോപിതരായ അക്രമികൾ കൂടുതൽ അക്രമാസക്തരായി. സമീപത്തെ തട്ടുകടകളിലെ ജീവനക്കാരും മറ്റ് സുഹൃത്തുക്കളും അടക്കം പന്ത്രണ്ടോളം പേരടങ്ങുന്ന സംഘം തടിച്ചുകൂടി കുടുംബത്തെ ആക്രമിക്കാൻ മുതിർന്നു. പ്രശ്നം വഷളാക്കാതെ കുടുംബം കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് അതിക്രമം അരങ്ങേറിയത്.

ട്രാഫിക്കിൽ വണ്ടി കുടുങ്ങുമ്പോഴെല്ലാം അവർ കാർ തല്ലിപ്പൊളിച്ചുകൊണ്ടിരുന്നു. കാർ പൂർണമായും തകർന്നു. വണ്ടി നിർത്തിയാൽ അവർ ഞങ്ങളെ കൊന്നുകളയുമെന്ന് ഭയന്നുവെന്നും അതിജീവിത മാദ്ധ്യമങ്ങളോട് പറഞ്ഞു. കാറിലുണ്ടായിരുന്ന നാല് കുട്ടികളും ഗുണ്ടകളുടെ ക്രൂരത കണ്ട് ഭയന്നുവിറച്ചു. കുട്ടികൾ ഇപ്പോഴും ആ നടുക്കത്തിൽ നിന്നും മോചിതരായിട്ടില്ലെന്നും കുടുംബം പറയുന്നു. പൊതുസ്ഥലത്ത് സ്ത്രീകളെ ശല്യം ചെയ്യാനും അത് ചോദ്യം ചെയ്യുമ്പോൾ ആക്രമിക്കാനും ഇവർക്ക് എവിടെ നിന്നാണ് ഇത്രയും ധൈര്യം ലഭിക്കുന്നതെന്ന് അതിജീവിത ചോദിച്ചു. താൻ ഭയന്ന് പിന്മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും, ഇത്തരം കാര്യങ്ങൾക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും അവർ വ്യക്തമാക്കി. പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും അത് മറ്റുള്ളവർക്കൊരു പാഠമാകണമെന്നും യുവതി ആവശ്യപ്പെട്ടു.

കേസിലെ പ്രതികളായ ഒമ്പത് പേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തു. ഇനി ഒരാളെക്കൂടി പിടികൂടാനുണ്ട്. അറസ്റ്റിലായ പ്രതികളിൽ ഒരാൾ കൊലപാതകക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിയാൻ സാധിക്കുമെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്.

English Summary

An eight-member family from Nashik, Maharashtra, including four children, faced a violent attack after a woman questioned eve-teasers. A mob chased their car for 20 km with iron rods, vandalizing it near Bhavali Dam. Police arrested nine suspects for the incident; one is reportedly a murder accused. The family narrowly escaped harm.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARASSED BY MOB, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360