
ബംഗളൂരു: സർക്കാർ നിർമ്മാണ കരാറുകളിൽ നാല് ശതമാനം മുസ്ളിം വിഭാഗത്തിന് നൽകാനുള്ള കർണാടക സർക്കാർ തീരുമാനം വിവാദത്തിൽ. കരാറുകളിൽ മുസ്ലിം കോൺട്രാക്ടർമാർക്ക് നാല് ശതമാനം സംവരണം നൽകുന്നതിനായി കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ് (കെ.ടി.പി.പി) നിയമം ഭേദഗതി ചെയ്യാൻ മന്ത്രിസഭ അംഗീകാരം നൽകിയതിനെതിരെ ബി.ജെ.പി രംഗത്തുണ്ട്. നടപ്പ് നിയമസഭാ സമ്മേളനത്തിൽ തന്നെ നിയമഭേദഗതി അവതരിപ്പിച്ചേക്കും.
നിലവിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് രണ്ട് കോടി വരെയുള്ള നിർമ്മാണക്കരാറുകളിൽ സംവരണമുണ്ട്. സമാന രീതിയിൽ മുസ്ലിം സമുദായത്തിലുള്ളവർക്കും സംവരണം നൽകാനാണ് നീക്കം. പൊതുമരാമത്ത് കരാറുകളുടെ നാല് ശതമാനം മുസ്ലിങ്ങൾക്കായി സംവരണം ചെയ്യുമെന്ന് മാർച്ച് 7ന് സംസ്ഥാന ബഡ്ജറ്റിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.
ബാംഗ്ലൂർ ബയോഇന്നോവേഷൻ സെന്ററിലെ പുനർനിർമ്മാണത്തിനും ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനുമായി 96.77 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു. കർണാടക പബ്ലിക് സർവീസ് കമ്മിഷൻ (കെ.പി.എസ്.സി) പരിഷ്‌കരിക്കുന്നതിനുള്ള നടപടികൾ മന്ത്രിസഭ ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.
ഭരണഘടനാ വിരുദ്ധം:
ബി.ജെ.പി
സമുദായപ്രീണനം നടത്തി ഭിന്നിപ്പിച്ച് ഭരിക്കാനുള്ള സിദ്ധരാമയ്യയുടെ നീക്കമാണിതെന്ന രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. ഹിന്ദുവിരുദ്ധ നിലപാടുകളാണ് സിദ്ധരാമയ്യ തുടരുന്നതെന്നും മതാടിസ്ഥാനത്തിൽ കരാറിന് സംവരണം നൽകുന്നത് ഭരണഘടനാവിരുദ്ധമാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ വിജയേന്ദ്ര പ്രതികരിച്ചു. തിരഞ്ഞെടുപ്പ് തോൽവി അടക്കം തുടർച്ചയായ തിരിച്ചടികളിൽ നിന്ന് കോൺഗ്രസ് പാഠം പഠിക്കുന്നില്ലെന്ന് ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ് ഡൽഹിയിൽ പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം മുസ്ളിമ വിഭാഗത്തിന് പ്രത്യേക വോട്ടർ പട്ടികയും പ്രത്യേക സർവകലാശാലയും അടക്കം നൽകിയവരാണ് കോൺഗ്രസ്.
സംവരണം രാഹുൽ ഗാന്ധിയുടെ ഒത്താശയോടെയാണ് പാസാക്കിയത്. ഈ വിഷയം കർണാടകയിൽ മാത്രം ഒതുങ്ങുന്നതല്ല. രാജ്യവ്യാപകമായി പ്രത്യാഘാതങ്ങൾ ഉണ്ടാക്കും
-രവിശങ്കർ പ്രസാദ്
ബി.ജെ.പി നേതാവ്
മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കമാണിത്
തേജസ്വി സൂര്യ
ബി.ജെ.പി എം.പി
സംവരണം ജോലിക്കോ വിദ്യാഭ്യാസത്തിനോ അല്ല, സർക്കാർ കരാറുകാർക്കാണ്. മുസ്ലിങ്ങൾക്ക് മാത്രമുള്ളതല്ല
- ഡി.കെ. ശിവകുമാർ
ഉപമുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |