
ചൊവ്വാഴ്ച നിർണായക യോഗം
ന്യൂഡൽഹി: ആധാർ - വോട്ടർ തിരിച്ചറിയൽ കാർഡ് ബന്ധിപ്പിക്കൽ നടപടികൾ ഉടനാരംഭിക്കും. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷൻ ചൊവ്വാഴ്ച നിർണായക യോഗം വിളിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഒരേനമ്പരുള്ള വോട്ടർ തിരിച്ചറിയൽ കാർഡുകൾ ഇറങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പെട്ടെന്നുള്ള നീക്കം. തിരഞ്ഞെടുപ്പ് കമ്മിഷണർമാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
ബിഹാറിലെ ചില വോട്ടർ ഐ.ഡി നമ്പരുകൾ പശ്ചിമ ബംഗാളിൽ ആവർത്തിച്ചത് തൃണമൂൽ കോൺഗ്രസ് പാർലമെന്റിൽ ഉന്നയിച്ചിരുന്നു. ഐ.ഡി നമ്പർ അനുവദിച്ചതിൽ പിഴവു വന്നെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്. ഡ്യൂപ്ലിക്കേറ്റ് നമ്പരുകളുള്ള വോട്ടർമാർക്ക് മൂന്ന് മാസത്തിനുള്ളിൽ പുതിയ നമ്പർ നൽകുമെന്ന് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നു.
നിലവിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാക്കുന്ന വോട്ടർപ്പട്ടികയിൽ കൂട്ടിച്ചേർത്തും ഒഴിവാക്കിയുമാണ് നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനും വോട്ടർപ്പട്ടിക തയ്യാറാക്കാനും ഭരണഘടനയുടെ 243-കെ വകുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് അധികാരം നൽകുന്നു. ഇതു ഭേദഗതി ചെയ്യാതെ നടപ്പാക്കാനാണ് കേന്ദ്ര നീക്കം.
കള്ളവോട്ടു തടയാം
ആധാറും വോട്ടർ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ 2021-ൽ ജനപ്രാതിനിദ്ധ്യ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. കമ്മിഷൻ വോട്ടർമാരിൽ നിന്ന് ആധാർ വിവരങ്ങൾ ശേഖരിച്ചങ്കിലും ബന്ധിപ്പിക്കൽ നടന്നില്ല
വിവിധ മണ്ഡലങ്ങളിലും ഒരേമണ്ഡലത്തിലും വോട്ടറുടെ പേര് ആവർത്തിക്കുന്നതും കള്ളവോട്ടും തടയുകയാണ് ആധാർ-വോട്ടർ ഐഡി ബന്ധിപ്പിക്കലിന്റെ ലക്ഷ്യം. ഇതുവഴി ഒരു രാജ്യം ഒറ്റ വോട്ടർ പട്ടിക നടപ്പാക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |